കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ തകര്‍ന്നുവീണ ആറ് നിലകെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും ഒന്‍പത് വയസ്സുകാരിയെയും പിതാവിനെയും നിസ്സാര പരിക്കുകളോടെ രക്ഷിച്ചു. 15 മണിക്കൂറാണ് ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. നിസ്സാര പരിക്കുകള്‍ മാത്രമേ ഇവര്‍ക്ക് ഏറ്റിട്ടുള്ളൂ. ജജ്മൗ മേഖലയില്‍ പണിതുകൊണ്ടിരുന്ന കെട്ടിടം ബുധനാഴ്ച ഉച്ചതിരിഞ്ഞാണു തകര്‍ന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ആയപ്പോള്‍ അച്ഛനെയും മകളെയും മറ്റൊരു കുഞ്ഞിനെയും രക്ഷിക്കാനായി. മറ്റാരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയാന്‍ സേനയുടെ അഞ്ചു സംഘങ്ങള്‍ തിരച്ചില്‍ നടത്തിവരുന്നു. തൊഴിലാളികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളും നിര്‍മാണസ്ഥലത്തു തങ്ങുകയായിരുന്നു. പ്രാദേശിക എസ്പി നേതാവ് മേഹ്താബ് അലാമാണു നിയമവിരുദ്ധമായി കെട്ടിടം പണിതത്.
കഴിഞ്ഞ നവംബര്‍ 23നു കാന്‍പുര്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെഡിഎ) നോട്ടിസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു ഡിസംബര്‍ 26നു കെട്ടിടം പൂട്ടി മുദ്രവച്ചുവെന്നും അതു പൊട്ടിച്ചു പണി പുനരാരംഭിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും കെഡിഎ അറിയിച്ചു. മേഹ്താബിനും കരാറുകാരനുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ക്കു കേസെടുത്തു. ഇരുവരും ഒളിവിലാണ്.