കോഴിക്കോട് :ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നും കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ . ലിംഗസമത്വം ഇസ്‍ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ലെന്ന് കാന്തപുരം പറയുന്നു. ആണ്ണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഒളിയമ്പാണ്. ഇത് ഇസ്‍ലാമിനെയും സംസ്കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് ക്യാംപസ്പഠന ക്യാംപിലാണ് കാന്തപുരത്തിന്റെ വിവാദ പ്രതികരണം.സ്ത്രീ–പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്‍മാര്‍ക്കാണ്. വലിയ ശസ്ത്രക്രിയകള്‍ നടത്താന്‍ സ്ത്രീകള്‍ക്ക് മനോധൈര്യമില്ല. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ച് പോകും. ഹൃദയശസ്ത്രക്രിയ നടത്താന്‍ കെല്‍പ്പുള്ള ഒരു വനിതാ ഡോക്ടറെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മദ്രസകളില്‍ പീഡനം നടക്കുന്നുവെന്ന വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും ഇല്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
ചുംബന സമരവുമായി ബന്ധപ്പെട്ടും കാന്തപുരം നിലപാട് വ്യക്തമാക്കി. ചുംബനസമരം മനുഷ്യത്വവിരുദ്ധമാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. നേതാക്കള്‍ പിടിക്കപ്പെട്ടതോടെ അത് തെളിഞ്ഞുവെന്നും കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍ വ്യക്തമാക്കി.കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിട്ടുണ്ട്.