കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യൂനില്‍ക്കുന്നതിനിടയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന പരസ്യ പ്രസ്താവനയുമായി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്.
മുസ്ലിം ലീഗിന്റെ മണ്ണാര്‍ക്കാട് സ്ഥാനാര്‍ഥി എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് ഷംസുദ്ദീന്‍. കൊലക്കയര്‍ പ്രതികളെ സഹായിച്ച ഷംസുദ്ദീന്‍ ജയിക്കാന്‍ പാടില്ല. കാന്തപുരം പറഞ്ഞു. ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.
2013ല്‍ മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ എ പി വിഭാഗം സുന്നി പ്രവര്‍ത്തകരായ കുഞ്ഞി ഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവര്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഏതെങ്കിലും പ്രത്യേക കക്ഷിയെ പിന്തുണയ്ക്കുന്നത് സംഘടനയുടെ നയമല്ല. ന്യായവും യുക്തിയും അനുസരിച്ചായിരിക്കും വോട്ട്. ഗുണം ചെയ്യുന്നവരുടെ കൂടെ നില്‍ക്കുമെന്നും കാന്തപുരം പറഞ്ഞു.