
ന്യുഡല്‍ഹി: കാർഷിക കടങ്ങൾ എഴുതിത്തള്ളാനായില്ലെങ്കിൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു . കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. കാര്‍ഷിക കടം എഴുതിതള്ളാനുള്ള മാര്‍ഗരേഖ തയ്യാറാക്കി വരികയാണ്. ബുധനാഴ്ച അത് പുറത്തുവിടുമെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കുമാരസ്വാമി.
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് താന്‍ വ്യക്തമാക്കിയതാണ്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ അത് ചെയ്യുമെന്നാണ് താന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പുനല്‍കിയതാണ്. അത് സത്യമാണ്. കുറഞ്ഞപക്ഷം ശ്വാസമെടുക്കാനെങ്കിലും സമയം അനുവദിക്കൂ. ഇപ്പോള്‍ എനിക്ക് കുറച്ച് പരിമിതികളുണ്ട്. വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ താന്‍ വിരമിക്കും. മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കും. കുറച്ചുസമയം കൂടി കാത്തിരുന്നുകൂടെ? എന്നും കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ ഉള്‍പ്പെടെ ചില പ്രസ്താവനകള്‍ താന്‍ കണ്ടു. താന്‍ അടങ്ങിയിരിക്കുകയല്ല, അടങ്ങിയിരിക്കാന്‍ താന്‍ യെദ്യൂരപ്പയുമല്ല. കടം എഴുതിതള്ളുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാണ്. ബുധനാഴ്ച ബംഗലൂരുവില്‍ അത് പ്രസിദ്ധീകരിക്കും. ബി.ജെ.പി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. അവരുടെ വലയില്‍ വീഴാന്‍ ജനങ്ങളെ അനുവദിക്കില്ല. തന്റെ സര്‍ക്കാര്‍ ജനങ്ങളുടേതാണ്. താന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം അവരെ സേവിക്കും.ബി.ജെ.പിയുടെ പ്രസ്താവനയില്‍ ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ട. കാര്‍ഷിക കടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജനങ്ങളുടെ എല്ലാകാര്യത്തിലും താന്‍ ഒപ്പമുണ്ടാകും. താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അക്കാര്യങ്ങളില്‍ എല്ലാം മാറ്റമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.