
സ്വന്തം ലേഖകൻ
തിരുവല്ല: കോർപ്പറേറ്റുകളോടു മൃദുസമീപനം തുടരുന്ന പിണറായി വിജയൻ സർക്കാർ തിരുവല്ല കരിക്കിനേത്ത് സിൽക്സിൽ നടന്ന കൊലപാതകവും ഒതുക്കാൻ കൂട്ടു നിൽക്കുന്നു. പ്രതിയുടെ അഭിഭാഷകനെ സർക്കാർ പ്ലീഡറാക്കിയാണ് ഇ്പ്പോൾ പിണറായി വിജയൻ സർക്കാർ കരിക്കിനേത്ത് സിൽക്ക്സ് ഉടമയെ സഹായിക്കുന്നത്.
കരിക്കിനേത്തുകൊലപാതക കേസിൽ വിചാരണ തുടങ്ങാനിരിക്കേ പ്രതിഭാഗം അഭിഭാഷകനെ ഗവ. പ്ലീഡറാക്കി മാറ്റാൻ ശ്രമം. സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കരിക്കിനേത്തുകൊലപാതക കേസിൽ പ്രതി ജോസ് കരിക്കിനേത്തിനെ രക്ഷിക്കാൻ കൊണ്ടു പിടിച്ച് ശ്രമം നടത്തിയിരുന്നു. എന്നാൽ ഭരണം മാറിയിട്ടും അനുകൂല നീക്കങ്ങളുണ്ടെന്നതിന്റെ സൂചനയാണ് പുറത്ത് വന്നത്.
ഗവ. പ്ലീഡർ, അഡി. ഗവ. പ്ലീഡർ തസ്തികയിലേക്ക് ജില്ലാ ജഡ്ജി കൈമാറിയ പട്ടികയ്ക്ക് പുറമേയാണ് കരിക്കിനേത്ത് കേസിൽ പ്രതിയായ ജോസിന്റെ അഭിഭാഷകൻ അജിത് പ്രഭാവിന്റെ പേര് കൂടി സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ ശിപാർശ പ്രകാരം ജില്ലാ കലക്ടർ ചേർത്തിരിക്കുന്നത്. പ്ലീഡർ സ്ഥാനങ്ങളിലേക്ക് 65 പേരാണ് ജില്ലാ ജഡ്ജിക്ക് അപേക്ഷ നൽകിയിരുന്നത്. ഇക്കൂട്ടത്തിൽ അജിത് പ്രഭാവ് അപേക്ഷിച്ചിരുന്നില്ല. ജുഡീഷ്യൽ ഓഫീസർമാരും ജില്ലാ ജഡ്ജിയും അടങ്ങുന്ന സമിതി അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി 21 പേരുടെ പട്ടിക ഉണ്ടാക്കി ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു.
ഈ പട്ടികയിലേക്കാണ് അജിത് പ്രഭാവ് അടക്കം 11 പേരെക്കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേരത്തേ അപേക്ഷിക്കാത്ത അജിത് പ്രഭാവിന്റെ പേര് പട്ടികയിൽ തിരുകിയത് സിപിഐഎമ്മിന്റെ ശിപാർശപ്രകാരമാണെന്നാണ് അറിയുന്നത്. ഇത്രയും നാൾ പ്രതിഭാഗം കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകൻ ഗവ. പ്ലീഡർ ആയാൽ ആ കേസിനെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോപണം. ഇത് കേസിന്റെ വിധിയെപ്പോലും ബാധിച്ചേക്കാം. സിപിഐഎം നേതൃത്വം ജോസ് കരിക്കിനേത്തിനോട് വിധേയത്വം കാണിക്കുകയാണെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.
2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയടക്കം ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ കൈ നിറയെ കാശു കിട്ടിയ പൊലീസുകാർ ഇപ്പോഴും ഇഷ്ടപ്പെട്ട പോസ്റ്റിൽ ഇരിക്കുമ്പോൾ യഥാർഥ പ്രതികളെ കുരുക്കാൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ വയനാടൻ കാടുകളിൽ മാവോയിസ്റ്റുകളെ തിരഞ്ഞു നടക്കുന്നു.
കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട എസ്.ഐയ്ക്ക് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്.ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈ.എസ്പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്പി. മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്നു കൂടി ഡിവൈ.എസ്പി പറഞ്ഞെങ്കിലും മാന്യനായ എസ്.ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്നു രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു.
ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത മറുനാടൻ മലയാളി നൽകി. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എ.ഡി.ജി.പി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം കേസ് എടുത്തത്.
ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇത്രയും ഗൗരവതരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്പിയായിരുന്ന പി. വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്സ്ബ്യൂറോ ഡിവൈ.എസ്പിയായിരുന്ന എൻ. രാജേഷ്, പത്തനംതിട്ട എസ്.ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ അനൗപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.
കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.