ബെംഗളൂരു :പൊതുവേദിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയൊ വൈറലാകുന്നു. കര്‍ണാടക പ്രദേശ് കുറുംബ സംഘത്തില്‍ നിന്ന് ജില്ല, താലൂക്ക്, പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിയെയും ഞെട്ടിച്ച ചുംബന സംഭവം ഉണ്ടായത്. ചിക്കമംഗളൂരില്‍ നിന്നുള്ള പഞ്ചായത്ത് അംഗം ഗിരിജ ശ്രീനിവാസ് എന്ന യുവതിയാണ് മുഖ്യമന്ത്രിയുടെ കവിളത്ത് പൊതുപരിപാടിയില്‍ വച്ച് ചുംബിച്ചത്. മുഖ്യമന്ത്രിയും കുറുബ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി സ്റ്റേജില്‍ വച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തയുടന്‍ സിദ്ധരാമയ്യയുടെ വലതുവശത്ത് നിന്ന ഗിരിജ മുഖ്യമന്ത്രിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി വേദി വിട്ടുപോവുകയും ചെയ്തു.
സിദ്ധരാമയ്യ തനിക്ക് പിതാവിനെ പോലെയാണെന്നും ആദ്യമായിട്ടാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നതെന്നും യുവതി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഏറെ ആരാധിക്കുന്ന വ്യക്തിയെ നേരിട്ട് കണ്ടപ്പോള്‍ ആകാംഷ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അദ്ദേഹത്തെ ചുംബിച്ചു. അതില്‍ തെറ്റായി ഒന്നും ഇല്ലെന്നും യുവതി പ്രതികരിച്ചു.