![](https://dailyindianherald.com/wp-content/uploads/2018/05/KARNATAKA-AMIT.jpg)
ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ചിത്രീകരിച്ച ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ കളംമാറ്റി. മോദിയ്ക്കു പകരം ബി.ജെ.പിയുടെ മുഖമാക്കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ചേര്‍ത്താണ് ടൈംസ് നൗ ചാനലിന്റെ മലക്കംമറിച്ചില്‍.
ശനിയാഴ്ച ടൈംസ് നൗ അവരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് നിരവധി ട്വീറ്റുകളിലൂടെയും ന്യൂസ് ഫ്‌ളാഷുകളിലൂടെയും ഇക്കാര്യം പരസ്യം ചെയ്തിരുന്നു. ബി.ജെ.പി പക്ഷത്ത് നരേന്ദ്രമോദിയേയും കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയേയും കോണ്‍ഗ്രസ് പക്ഷത്ത് രാഹുല്‍ ഗാന്ധിയേയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉയര്‍ത്തിക്കാട്ടിയായിരുന്നു ടൈംസ് നൗ ചാലനിന്റെ ബാനറുകള്‍.
എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രചവനപ്രകാരം ബി.ജെ.പി പിന്നിലെന്ന് മനസിലായതിനു പിന്നാലെ ചിത്രത്തില്‍ നിന്നും മോദിയെ നീക്കി അമിത് ഷായെ കൊണ്ടുവരികയായിരുന്നു. അമിത് ഷായും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം എന്ന തരത്തിലാണ് പിന്നീട് ചാനല്‍ തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചത്.
ചാനലിന്റെ ഈ മലക്കംമറിച്ചില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ‘ മോദിയെ ബി.ജെ.പി മുഖമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈദിവസമാകെ കാമ്പെയ്ന്‍ നടത്തിയത്. എന്നാല്‍ എക്‌സിറ്റ് പോള്‍ വിവരം പുറത്തായതോടെ മുഖംമാറ്റി. ഇതെന്താ ഭായി?’ എന്നു ചോദിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് മിശ്ര ചാനലിന്റെ നടപടിയെ വിമര്‍ശിച്ചത്.‘എപ്പോള്‍ മുതലാണ് മോദി ബി.ജെ.പിയുടെ മുഖമല്ലാതായത്?’ എന്നാണ് മാധ്യമപ്രവര്‍ത്തക രോഹിണി സിങ്ങിന്റെ പ്രതികരണം. ‘ബി.ജെ.പിക്ക് കര്‍ണാടക ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ വീണ്ടും മോദിയെ കൊണ്ടുവരും. പാവം ഷാ’ എന്നും അവര്‍ കുറിച്ചു.