രാജിവെയ്പ്പിക്കാന്‍ ബിജെപി വാഗ്ദാനം ചെയ്തത് 100 കോടി?..ജെഡിഎസിന്റെ നാലും കോണ്‍ഗ്രസിന്റെ അഞ്ചും എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമം ; ഗോവ മോഡല്‍ അട്ടിമറിക്ക് ഗവര്‍ണര്‍

ബംഗലുരു: ആര്‍ക്കും ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം കിട്ടാതെ പോയ കര്‍ണാടകാ തെരഞ്ഞെടുപ്പിന് പിന്നാലെ കുതിരക്കച്ചവടം നടത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കേവലഭൂരിപക്ഷത്തിന് ആറു സീറ്റുകള്‍ പിന്നിലായ ബിജെപിയ്ക്ക് എതിരേയാണ് ആരോപണം. നാലു ജെഡിഎസ് എംഎല്‍എ മാരെയും അഞ്ചു കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി ശ്രമിച്ചതായും ഇവര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തേ ബിജെപിക്കാരായിരുന്ന ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചതായിട്ടാണ് വിവരം.

കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമായിരിക്കെ കുതിരക്കച്ചവടവുമായി ബിജെപി. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാതായി. ജെഡിഎസിലെയും കോണ്‍ഗ്രസിലെയും ചില എംംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂറുമാറാന്‍ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ.എല്‍. പാട്ടീല്‍ അറിയിച്ചു.രാജ വെങ്കടപ്പ നായക, വെങ്കട റാവു നാഡഗൗഡ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്താത്തത്. യോഗത്തിലെ ഇരുവരുടെയും അസാന്നിദ്ധ്യത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. അതേസമയം, ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലെ മൂന്ന് എംഎല്‍എമാരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതും.അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. ഗോവ മോഡല്‍ അട്ടിമറിക്ക് മോദിയുടെ അനുയായി കൂടിയായിരുന്ന ഗവര്‍ണര്‍ കൂട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 58 എംഎല്‍എമാരാണ്. ബാക്കിയുള്ള എംഎല്‍എമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ആദ്യ അവസരം തന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അഭിപ്രായത്തിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് രാഷ്ട്രീയ അനിവാര്യതയാണെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബിജെപി നേതാവ് യെദ്യൂരപ്പ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനിടയില്‍ തങ്ങളുടെ ക്യാമ്പില്‍ നിന്നും ഒരു എംഎല്‍എമാര്‍ പോലും പുറത്തു പോകില്ലെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് സിദ്ധരാമയ്യ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ചില ബെല്ലാരി എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഇവര്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുകയാണ്. 78 സീറ്റുകള്‍ കിട്ടിയ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തിനായി എത്തിയത് വെറും 44 പേര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ യോഗം താമസിക്കുകയാണ്. എട്ടു മണിക്കായിരുന്നു യോഗം വിളിച്ചിരുന്നത്. വടക്കു നിന്നുള്ള ചില എംഎല്‍എമാര്‍ യോഗത്തിനെത്തിയിട്ടില്ല. വെറും ഒമ്പതു എംഎല്‍എമാരുടെ കുറവാണ് ബിജെപി നേരിടുന്നത്.

സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്ക്കാമെന്ന് വ്യക്തമാക്കി യെദ്യൂരപ്പയെ സമീപിച്ചതായിട്ടാണ് വിവരം. റാണിവെന്നൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് ശങ്കര്‍ ജയിച്ചത്. പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടാനുള്ള ഉദ്ദേശത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള വഴികള്‍ തേടിയിരുന്നു. അത്തരം നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാര്‍ ചോരാതിരിക്കാനും കരുതല്‍ നടപടി എടുക്കുകയാണ്.

Top