കര്‍ണാടകത്തില്‍ മഴ ലഭിക്കാന്‍ ദേവപ്രീതിക്കായി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്തുന്നത് വിവാദമായി. ജലവിഭവ വകുപ്പ് സംഘടിപ്പിക്കുന്ന പൂജയ്ക്കായി സര്‍ക്കാര്‍ 20 ലക്ഷം രൂപയാണനുവദിച്ചത്. ജലവിഭവ മന്ത്രി എം.ബി. പാട്ടീലിന്റെ നേതൃത്വത്തിലാണ് ജൂണ്‍ നാലിന് കൃഷ്ണ നദീതടത്തില്‍ പൂജ നടത്തുന്നത്. കാവേരി നദീതടത്തിലും പ്രത്യേക പൂജയുണ്ട്.
സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്നാണ് പ്രവചനം. ഇതിനിടയിലാണ് ലക്ഷങ്ങള്‍ ചെലവിട്ട് പൂജനടത്തുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷ്ണ ആന്‍ഡ് കാവേരി ഇറിഗേഷന്‍ ബോര്‍ഡാണ് പൂജയ്ക്കായി പണം ചെലവിടുന്നത്. പഴയ ജനതാപരിവാര്‍ നേതാവായ മുഖ്യമന്ത്രി സിദ്ധരാമയ്യ യുക്തിവാദിയെന്നാണ് അവകാശപ്പെടുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പൂജയ്ക്കായി പണമൊഴുക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമായത്. പുരോഗമന, യുക്തിവാദി സംഘടനകളാണ് എതിര്‍പ്പുമായെത്തിയത്.
സംഭവം വിവാദമായതോടെ പൂജയ്ക്കായി സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പൂജ നടത്തുന്നതുകൊണ്ട് മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ പൂജ നടത്തുന്നില്ല. മന്ത്രിയാണ് പൂജനടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പൂജ നടത്തുന്നതെന്നും കാവേരി, കൃഷ്ണ നദികളാണ് സംസ്ഥാനത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ജലവിഭവമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.
‘സര്‍ക്കാരല്ല, ഞാനും സുഹൃത്തുക്കളുംചേര്‍ന്നാണ് പൂജയ്ക്കുള്ള പണം കണ്ടെത്തിയത്’ -അദ്ദേഹം വിശദീകരിച്ചു. സിദ്ധരാമയ്യ അധികാരത്തില്‍ വന്നതിനുശേഷം അന്ധവിശ്വാസ നിരോധനബില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
പുരോഗമന സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ശേഷം അന്ധവിശ്വാസ നിരോധന നിയമത്തിനായുള്ള വാദം ശക്തമായെങ്കിലും സര്‍ക്കാര്‍ പിന്നോട്ടുപോകുകയായിരുന്നു. ബി.ജെ.പി. ഭരണത്തിലിരിക്കെ, 2012-ല്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനയ്ക്കും യജ്ഞങ്ങള്‍ക്കുമായി 17 കോടി രൂപ വകയിരുത്തിയത് വന്‍വിവാദമായിരുന്നു. കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തു.