
ബെംഗളൂരു : രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ എന്നുറപ്പിച്ച് ബിജെപി. ആരുമായും സഖ്യം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. 112 സീറ്റില്‍ തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ല. കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.
നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം. 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഭരണം ഉറപ്പിച്ചത്. അതേസമയം, തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. വലിയ മാറ്റങ്ങൾ സംഭവിക്കാതെ ജെഡിഎസ് മൂന്നാമതുണ്ട്.
കഴിഞ്ഞ തവണത്തേക്കാൾ 50ലധികം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ: ബിജെപി (112), കോൺഗ്രസ് (68), ജെഡിഎസ് (40), മറ്റുള്ളവർ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.