ന്യൂഡല്‍ഹി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്.
അതേസമയം, കോണ്‍ഗ്രസ് വിമത എം.എല്‍.എ റോഷന്‍ ബെയിഗിനെ തട്ടിപ്പുകേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് മുന്‍പാണ് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്.
കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രത്യേക അന്വേഷണ സംഘം ബെയിഗിനെ കസ്റ്റഡിയിലെടുത്തതായി ട്വിറ്ററിലൂടെ അറിയിച്ചത്. ആ സമയത്ത് ബി.ജെ.പി എം.എല്‍.എ ബെയിഗിന്റെ കൂടെ ഉണ്ടായിരുന്നെന്നും അത് സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ്- ജെഡി.എസ് സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അവരുടെ ശ്രമത്തെയാണെന്നും കുമാരസ്വാമി പറഞ്ഞു.
ഐ.എം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘമാണ് ബെയ്ഗിനെ രാത്രി 11ഓടെ പിടികൂടിയത്. നിക്ഷേപ തട്ടിപ്പു കേസില്‍ ആരോപണം നേരിടുന്ന ബെയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാവാതിരുന്ന റോഷന്‍ ബെയ്ഗ് മുംബൈയിലേക്ക് പോവുകയായിരുന്നു.
തട്ടിപ്പു നടത്തിയ കേസില്‍ ഐ.എം.എ ഉടമ മന്‍സൂര്‍ഖാന്‍ ഒളിവിലാണ്. 400 കോടി രൂപ ബെയ്ഗ് തട്ടിയെടുത്തതായി ഒളിവില്‍പോകുന്നതിനു മുമ്പ് മന്‍സൂര്‍ഖാന്‍ ആരോപിച്ചിരുന്നു.