കൊച്ചി: കേരളത്തില്‍ കള്ളപ്പണ വേട്ട ശക്തമാക്കാന്‍ ആദായ നികുതി വകുപ്പിന്റെ തീരുമാനം. ഇതോടെ നിരവധി സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് കരുണമെഡിക്കല്‍ കോളേജില്‍ നിന്ന് ആദായനികുതി വകുപ്പ് 70 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടികൂടിയത്. കരുണ മെഡിക്കല്‍ ട്രസ്റ്റിന്റെ പാലക്കാട് ഓഫീസില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കള്ളപ്പണമാണ് പിടികൂടിയത്. 50 ലക്ഷത്തിന്റെ അസാധുവാക്കിയ നോട്ടുകളും 20 ലക്ഷത്തിന്റെ പുതിയനോട്ടുകളുമാണ് പിടിച്ചത്. കൊച്ചിയില്‍ നിന്നുള്ള ആദായനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കള്ളപ്പണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് സൂചന.
രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചതാണ് എന്നാണ് ട്രസ്റ്റ് അധികൃത പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് രേഖകള്‍ നല്‍കാന്‍ കരുണ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിനായി ലഭിച്ച ഡൊണേഷന്‍ തുകയാണ് പിടികൂടിയതെന്നും കോളേജ് അധികൃതര്‍ പറയുന്നു.
എന്നാല്‍ കണക്കുകള്‍ കൃത്യമല്ലാത്തതിനാല്‍ ഇത് കള്ളപ്പണമാണെന്നാണ് ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 70 ലക്ഷം രൂപയും അധികൃതര്‍ മുദ്രവക്കുകയും ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. കരുണ മെഡിക്കല്‍ ട്രസ്റ്റിന്റെ പേരില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിളയോടിയിലുള്ള കോളേജിലും പരിശോധന നടത്തി.