എന്നെ കൊണ്ടു പോകല്ലേ ഭാര്യയും കുഞ്ഞും ഒറ്റക്കാ
കൽപ്പറ്റാ സ്വദേശിയുടെ വാക്കുകൾ കരുനാഗപ്പള്ളി പോലീസ് അവഗണിച്ചു. ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കുഴഞ്ഞു വീണു
കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി. ബസില്‍ കുടുംബസമേതം യാത്രചെയ്യവേ ഭാര്യയുടെ ദേഹത്തു കടന്നുപിടിച്ച മദ്യപനെ ചോദ്യംചെയ്‌ത ഭര്‍ത്താവിനു പോലീസിന്റെ ക്രൂരമര്‍ദനം. പോലീസുകാര്‍ ഭര്‍ത്താവിനെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയതോടെ ഒന്നരമാസം പ്രായമുള്ള കുട്ടിയുമായി സ്‌റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ യുവതി കുഴഞ്ഞുവീണു. കല്‍പ്പറ്റ പൂത്തൂര്‍ വയല്‍ കാരാട്ട് ഹൗസില്‍ ജംഷീര്‍ (28), ഭാര്യ ആഷിദ(21) എന്നിവര്‍ക്കും ഒന്നര മാസം പ്രായമുള്ള കുഞ്ഞിനുമാണ് ദാരുണാനുഭവമുണ്ടായത്.
കെ.എസ്.ആര്‍.ടി.സി. ബസില്‍ പുതിയകാവില്‍നിന്നു കരുനാഗപ്പള്ളിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബസിലുണ്ടായിരുന്ന ആലപ്പുഴ ഹസീബ് മന്‍സിലില്‍ ഹസീബ് (32), ആഷിദയുടെ ദേഹത്തു തൊട്ടുരുമുകയും പിന്നീട് കടന്നുപിടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട ജംഷീര്‍, ഹസീബിനോട് ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീതുചെയ്‌തു. മദ്യപിച്ചിരുന്ന ഹസീബ് വീണ്ടും ആഷിദയെ കടന്നുപിടിച്ചതോടെ ബസില്‍ വാക്കേറ്റവും ഇരുവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
ബസ് കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെത്തിയപ്പോള്‍ വീണ്ടും ആഷിദയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നു ജംഷീറും ഹസീബും തമ്മില്‍ സ്‌റ്റാന്‍ഡില്‍ ഉന്തുംതള്ളും ഉണ്ടാകുകയും ഹസീബിനു നേരിയതോതില്‍ പരുക്കേല്‍ക്കുകയും ചെയ്‌തു. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസുകാര്‍ ജംഷീറിന്റെയും ആഷിദയുടെയും പരാതി കേള്‍ക്കാന്‍ തയാറായില്ല. ജംഷീറിനെ പോലീസ് ബലമായി പിടിച്ചു ജീപ്പിൽ കയറ്റി. ഇത് കണ്ട് ഭാര്യ കുഴഞ്ഞു വീണു. തങ്ങൾ കൽപ്പറ്റയിലുള്ളതാണെന്നും ഭാര്യക്ക് സ്ഥല പരിചയമില്ലാത്തതിനാലും കുഞ്ഞിനേയും ഭാര്യയേയും ഒറ്റക്കാക്കി എന്നെ കൊണ്ടു പോകല്ലേ എന്ന് ജംഷീർ താണു വീണപേക്ഷിച്ചു. എന്നാൽ പോലീസുകാർ ഇത് വകവയ്ക്കാതെ ജംഷീറിനെയും ഹസീബിനെയും കരുനാഗപ്പള്ളി സ്‌റ്റേഷനിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി. ചാര്‍ജ് എ.എസ്.ഐ. ഷാജഹാന്‍ നീ സദാചാര പോലീസ് ചമയുവാണോ നിയമം കയ്യിലെടുക്കാൻ നിനക്കാരാടാ അനുവാദം തന്നത് എന്ന് ചോദിച്ചു കൊണ്ട് ജംഷീറിനെ മര്‍ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ പോലീസ് കൊണ്ടുപോയതോടെ കൈക്കുഞ്ഞുമായി സ്‌റ്റാന്‍ഡില്‍ ഒറ്റപ്പെട്ട ആഷിദ തലചുറ്റി വീണതിനെ തുടര്‍ന്നു യാത്രക്കാര്‍ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജംഷീര്‍ കരുനാഗപ്പള്ളി സ്വദേശിയായ പൊതുമരാമത്ത് കോണ്‍ട്രാക്‌ടറുടെ ജോലിക്കാരനാണ്. വിവരമറിഞ്ഞെത്തിയ കോണ്‍ട്രാക്‌ടര്‍ സ്‌റ്റേഷനിലെത്തി ജംഷീറിനെ ജാമ്യത്തിലിറക്കി. തനിക്കും ഭാര്യക്കും സംഭവിച്ച ദുരവസ്ഥയിൽ നീതി കിട്ടണമെന്നാവിശ്യവുമായി ഉന്നത അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ് ജംഷീറും ഭാര്യയും.
കടപ്പാട് : ആർ പീയൂഷ്