![](https://dailyindianherald.com/wp-content/uploads/2016/01/dr.thomas-isac.jpg)
ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കില്ലെന്നും ചില തല്പ്പര കക്ഷികള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇല്ലാകഥകള്‍ പറഞ്ഞുപരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാനുളള ചിലരുടെ നീക്കം വിലപോകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന വലിയൊരു വിഭാഗത്തെ കൂടുതല്‍ ആശങ്കപ്പെടുത്താന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ എന്നും ധനമന്ത്രി വ്യക്തമാക്കി. നടപ്പുവര്‍ഷം ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി ഒമ്ബതിന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപ കൂടി അനുവദിച്ചതടക്കം ബഡ്ജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിക്കഴിഞ്ഞു. ഇനി 139 കോടി രൂപയാണ് കൊടുക്കാന്‍ ബാക്കിയുള്ളത്. അതിനു മാര്‍ച്ച് 31 വരെ സമയമുണ്ടെന്നും ഐസക്ക് പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെ കാരുണ്യ പദ്ധതിയെ തോമസ് ഐസക്ക് കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷക്കാലത്തെ യു ഡി എഫ് ഭരണത്തില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപ മാത്രമാണ്. ഒരു വര്‍ഷംപോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം കാരുണ്യ പദ്ധതിക്ക് അനുവദിച്ചിട്ടില്ല. മാത്രമല്ല, കാരുണ്യഫണ്ടിലേക്ക് 391 കോടി രൂപയുടെ കടബാധ്യതയോടൊണ് യു ഡി എഫ് ഭരണം അവസാനിപ്പിച്ചത്. ഐസക്ക് വ്യക്തമാക്കി. കാരുണ്യ പദ്ധതിക്ക് ലഭിക്കേണ്ട ഫണ്ടും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നത് എന്നു വ്യക്തമാക്കാനാണ് കണക്ക് ഉദ്ധരിച്ചതെന്നും മന്ത്രി പറഞ്ഞു.
ഈ കാലതാമസം കൊണ്ട് രോഗികള്‍ക്ക് ചികിത്സാസഹായം കിട്ടുന്നതിന് തടസ്സമുണ്ടായിട്ടില്ല. കാരണം, സ്വകാര്യാശുപത്രകളില്‍, അനുവദിക്കുന്ന പണത്തില്‍നിന്ന് ചികിത്സ കഴിഞ്ഞ് ചെലവായ പണം റീ ഇംബേഴ്‌സ് ചെയ്യുകയാണു ചെയ്യുക. സര്‍ക്കാരാശുപത്രികളില്‍ മുന്‍കൂറായി പണം നല്‍കും. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷമാണ് നല്‍കിയ പണവും യഥാര്‍ത്ഥത്തില്‍ ചെലവായ പണവും ഒത്തുനോക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരാശുപത്രികളില്‍ അഡ്വാന്‍സ് നല്‍കിയ തുകയില്‍ ചെലവാകാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് പ്രാഥമികസൂചന. കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം പോലെയാണ് മുന്‍സര്‍ക്കാര്‍ കണ്ടിരുന്നത്. എന്നാല്‍, ആ നില മാറ്റി അത് പൗരരുടെ അവകാശമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് ധനമന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയിട്ടുണ്ട്.
2012ല്‍ കാരുണ്യപദ്ധതി അപേക്ഷ പ്രോസസിങ്ങിനായി കെല്‍ട്രോണ്‍ മുഖാന്തരം ഒരു സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെങ്കിലും ആശുപത്രികളുടെ പേമെന്റ്, സ്വകാര്യ ആശുപത്രികളുടെ പേമെന്റ് പ്രോസസിംഗ്, റീഇംബേഴ്‌സ്‌മെന്റ് എന്നിവ ഉള്‍പ്പെടുത്തി സോഫ്‌റ്റ്വെയര്‍ നവീകരിക്കുകയോ തുടര്‍പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്‌സ്‌മെന്റ് ബില്‍ കുടിശികയില്ല. അടുത്തദിവസങ്ങളില്‍ വന്ന 25 കോടിയോളം രൂപയുടെ ബില്ലുകള്‍ പ്രോസസിങ്ങില്‍ ആണ്. അത് ഏതാനും ദിവസങ്ങള്‍ക്കകം വിതരണം ചെയ്യും. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിച്ച് നടപ്പാക്കും എന്നു പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സമീപനത്തിന്റെ ന്യായം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ചതാണെന്നും ഐസക്ക് പറഞ്ഞു.