ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം വെള്ളപ്പൊക്കങ്ങളുടേത് ആയിരുന്നു. എണ്ണമറ്റ ഭക്ഷണ പൊതികളും ദുരിതാശ്വാസ സാമഗ്രികളും അവിടം ലക്ഷ്യമാക്കി കുതിച്ചു വന്നു കൊണ്ടിരുന്നു. നഗരത്തിന് വെളിയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകരും അവരുടേതായ നിലയില്‍ ജാകരൂകരായിരുന്നു. അവര്‍ ആശ്വാസ വണ്ടികള്‍ ബലമായി തടഞ്ഞു നിര്‍ത്തി. ദുരിതാശ്വാസ പായ്ക്കുകളില്‍ ചിരിക്കുന്ന പുരട്ച്ചി തലൈവി ശെല്‍വി ജയലളിതയുടെ സ്റ്റിക്കറുകള്‍ നിര്‍ബന്ധിച്ച് ഒട്ടിച്ചു. എല്ലാം ജയ മയം. ദുരിതാശ്വാസം പോലും ജയയുടെ അക്കൌണ്ടില്‍ മാത്രം.
കൊല്ലം ഒന്ന് കഴിഞ്ഞതേയുള്ളൂ…. മറ്റ് ഏതൊരു മനുഷ്യജീവിയേയും പോലെ ജയലളിതയും മരണത്തിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു. കൈവശമുള്ള ഒരു പാട് പണമോ, അധികാരമോ, അപ്പോളോ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ ചികിത്സയോ, ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരോ, ജ്യോതിഷക്കാരന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരോ എന്തിന് ദുരിതാശ്വാസതിന് മേല്‍ പതിച്ച സ്റ്റിക്കറുകളോ ഒന്നും അവരെ മരണത്തില്‍ നിന്നും രക്ഷിച്ചില്ല. വിഐപി മരണം എന്നൊന്നില്ല. മരണത്തിനുള്ള അകമ്പടികളില്‍ മാത്രമേ വിഐപി ഉള്ളൂ…. ഏത് മരണവും അതി സാധാരണവും പുതുമകള്‍ ഇല്ലാത്തതുമാണ്. എല്ലാവരും ഏതാണ്ട് ഉറങ്ങി തുടങ്ങുന്ന പാതിരാവില്‍ മരണം പ്രഖ്യാപിക്കുന്നത് വരെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങളില്‍ ശരീരം ബന്ധനസ്ഥമാക്കി വയ്ക്കാന്‍ ഇന്ന് അപ്പോളോയില്‍ മാത്രമല്ല കൊള്ളാവുന്ന മറ്റ് പല ആശുപത്രികളിലും സംവിധാനമുണ്ട്. കാര്യങ്ങള്‍ പഴയ പോലെ അല്ല. മരണം സൗകര്യം പോലെ സ്വകാര്യ ആശുപത്രികള്‍ക്ക് ഇന്ന് നീട്ടിവയ്ക്കാം. അനന്തരാവകാശി തര്‍ക്കം തീരും വരെയോ ഭാവി മുഖ്യന്‍ ആരെന്നു തീര്‍പ്പാകുന്നത് വരെയോ ജനങ്ങള്‍ ഉറങ്ങുന്നത് വരെയോ അത് നീണ്ടേക്കാം.
മരിച്ച ജയലളിത ജീവിച്ചിരുന്ന ജയലളിതയിലും വളരെ അധികം ജനകീയയും ജനാധിപത്യ ബോധമുള്ളയാളും സ്ത്രീപക്ഷ വാദിയും സാധു ജനപരിപാലകയും നന്മകളുടെ വിളനിലവും ലോക നേതാക്കള്‍ക്ക് മാതൃകയും ആയിരുന്നു എന്ന് മലയാളികളായ സോ കാള്‍ഡ് ആക്ടിവിസ്റ്റുകളുടെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്നാണ് മനസ്സിലാകുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ മറ്റ് ഏതൊരു സ്ത്രീക്കും മുന്നേറാനും ഉയരാനും ഉള്ള മാതൃക ആയിരുന്നു അവരെന്നാണ് പൊതുവില്‍ ഫേസ് ബുക്ക് ബുദ്ധിജീവികള്‍ അവകാശപ്പെട്ടത്.
സ്വന്തം സര്‍ക്കാരിലും പ്രൈവറ്റ് ലിമിറ്റഡ് പാര്‍ട്ടിയിലും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നേതാക്കളെ അവര്‍ പന്ത് തട്ടി കളിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. പുരുഷ മേല്‍ക്കോയ്മയും ജാതി പരിഗണനകളും അന്ധവിശ്വാസവും അനാചാരങ്ങളും തമിഴ് സമൂഹത്തില്‍ മടക്കി കൊണ്ടുവന്ന ഒരു ദ്രാവിഡ പാര്‍ട്ടിയുടെ തലപ്പത്ത് ഒരു സ്ത്രീ എത്തിപ്പെട്ടു എന്ന് മാത്രം. ശശികല അവരുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും അഴിമതി അടക്കമുള്ള കൂട്ട് കൃഷിയിലും അമിതാധികാര താത്പര്യങ്ങളിലും ഒപ്പം നില്‍ക്കുന്ന നിലയില്‍ വളര്‍ന്നത് ഒരിക്കലും ഒരു സ്ത്രീ ആയതു കൊണ്ടല്ല.
ആ പരിഗണന കൊണ്ടുമല്ല. പാട്രിയാര്‍ക്കല്‍ സമൂഹത്തിലെ ജന്മി-മാടമ്പി-ഫ്യൂഡല്‍ മനോഭാവമുള്ള ഏതൊരു നാട്ടു പ്രമാണിയുടെയും കയ്യൂക്കും അഹങ്കാരവും സ്വേച്ഛാധിപത്യവും ചില്ലറ ദയാദക്ഷിണ്യങ്ങളും തന്നെയാണ് ജയയ്ക്കും ഉണ്ടായിരുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിയ്ക്ക് ബദലായി വളരും എന്ന് അവര്‍ പേടിച്ച മുന്‍ ഐ എ എസ് ഓഫീസര്‍ ചന്ദ്രലേഖയെ രാഷ്ട്രീയമായി ഇല്ലാതാക്കിയത് സ്വന്തം അനുയായികളാല്‍ ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കിയാണ്. രാധാ വെങ്കടേശന്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ ഒരു സാധാ നിയമസഭാ റിപ്പോര്‍ട്ടിലെ ഏറ്റവും സാധാരണമായ പ്രയോഗങ്ങളുടെ പേരില്‍ പ്രകോപിതയായി ആണ് അവര്‍ ദി ഹിന്ദു ഓഫീസ് റെയ്ഡ് ചെയ്യിച്ചതും പത്രാധിപന്മാരെ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞതും. ഒരു സ്‌കോളര്‍ഷിപ്പില്‍ അതിനകം ലണ്ടനില്‍ പോയിരുന്നതിനാല്‍ രാധയ്ക്കു ആസിഡ് അറ്റാക്കോ അറസ്റ്റോ ഉണ്ടായില്ല എന്ന് മാത്രം. തന്നെ കോടതി ശിക്ഷിച്ചപ്പോള്‍ അനുയായികള്‍ നാടുനീളെ തീ വെപ്പ് മഹോത്സവം നടത്തിയപ്പോള്‍ കൃഷ്ണഗിരിയില്‍ ബസിനകത്ത് ചുട്ടുകൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീര്‍ ഒരിക്കലും അവരില്‍ നിന്നും ഉണ്ടായില്ല. ജയലളിതാ ഭരണത്തില്‍ പൌരാവകാശം എന്നതില്‍ ഒരിക്കലും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.
ജയലളിതയുടെ കഴിഞ്ഞ സര്‍ക്കാരിന്റെ സമയം. അവര്‍ കോടനാട് തേയില തോട്ടത്തില്‍ വിശ്രമ ജീവിതത്തില്‍ ആണ്. അവിടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഒരു പോലീസുകാരനെ പാമ്പ് കടിച്ചു. അയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അത് ഒരു സിംഗിള്‍ കോളം വാര്‍ത്തയായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. പിറ്റേന്ന് കുറെ പോലീസ് വണ്ടികള്‍ ഓഫീസിനു മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഐ ജി റാങ്കിലുള്ള ഒരു മനുഷ്യന്‍ ഇറങ്ങി വന്ന് കെഞ്ചി. എന്നെ രക്ഷിക്കണം സാര്‍. ജോലി പോകും.
തന്റെ സുരക്ഷ നോക്കുന്ന പോലീസുകാരനെ പാമ്പ് കടിച്ചത് വാര്‍ത്ത ആയത് ജയയ്ക്ക് ഇഷ്ടപെട്ടില്ല എന്നും പോയി തിരുത്ത് കൊടുക്കാന്‍ പറഞ്ഞ് അയാളെ നേരില്‍ അയച്ചിരിക്കുകയാണ് എന്നും അയാള്‍ പറഞ്ഞു. എന്ത് തിരുത്ത് എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നു. ജയയുടെ വേനല്‍ക്കാല വസതിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി കോടനാട് വ്യൂ പോയിന്റില്‍ ടൂറിസ്റ്റുകളുടെ സുരക്ഷ നോക്കാന്‍ പോയപ്പോള്‍ പാമ്പ് കടിച്ചു എന്നാക്കണം. പോലീസ് അങ്ങനെ അവകാശപ്പെടുന്നു എന്ന മട്ടില്‍ ഒരു വാര്‍ത്ത (തിരുത്തല്ല) കൊടുത്ത് അയാളുടെ ജോലി രക്ഷിച്ചെടുത്തു.
മുതുമലയിലെ തെപ്പക്കാട് ആന ക്യാമ്പില്‍ ഒരിക്കല്‍ അവര്‍ സന്ദര്‍ശിച്ചപ്പോള്‍ മൂന്നു ദിവസം പ്രായമുള്ള ഒരാനക്കുട്ടിയെ വാരി എടുത്തിരുന്നു. അത് പിന്നീട് മരിച്ചപ്പോള്‍ കൊടുത്ത വാര്‍ത്തയില്‍ അങ്ങനെ നവജാത ആനക്കുട്ടികളെ ആരും വാരി എടുക്കാന്‍ പാടില്ല എന്ന് ഒരു ആന വിദഗ്ദന്‍ പറഞ്ഞത് ക്വോട്ട് ചെയ്തിരുന്നു. ജയ ആനയെ എടുക്കുന്ന പടവും കൊടുത്തു. ഒരു വക്കീല്‍ നോട്ടീസ് വന്നെങ്കിലും പിന്നെ വേറെ ഒന്നും ഉണ്ടായില്ല.
വിധവാ വിവാഹം, മിശ്ര വിവാഹം, പന്തി ഭോജനം, സ്വാഭിമാനം തുടങ്ങിയ മൂല്യങ്ങളില്‍ അടിയുറച്ച ദ്രാവിഡ പ്രസ്ഥാനം തമിഴ് നാട്ടിലെ സ്ത്രീ സമൂഹത്തില്‍ ഉണ്ടാക്കിയ ആത്മവിശ്വാസവും ഉയര്‍ത്തെഴുനേല്പും ശാക്തീകരണവും വലുതായിരുന്നു. ആ സാമൂഹിക നവോത്ഥാന മുന്നേറ്റത്തെ തിരികെ സവര്‍ണ്ണരുടെ യാഥാസ്ഥിതിക ആലയില്‍ കൊണ്ടുപോയി കെട്ടുക എന്ന ദൗത്യം ജയയും അവരുടെ മെന്റര്‍ എം ജി ആറും വൃത്തിയായി ചെയ്തു. സ്തുതിപാടകരായ കുറെ വിഡ്ഢികളുടെ ഒരു പാര്‍ട്ടി. താന്‍ അധികാര സ്ഥാനത്ത് തന്നെ ഉണ്ടോ എന്ന് അറിയാന്‍ മിക്ക മന്ത്രിമാരും ആശ്രയിച്ചത് അതിരാവിലെ എത്തുന്ന പത്രങ്ങളെ. രണ്ട് വരി അറിവിപ്പ്.
എതിര്‍ ശബ്ദങ്ങള്‍ മുഴുവന്‍ ഇല്ലായ്മ ചെയ്തു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി. അഴിമതി ഒരു കുറ്റം അല്ലാതായി മാറി. എന്നിരിക്കിലും ജനം ഒന്നില്‍ ആശ്വാസം കണ്ടു. കരുണാനിധിയും മാരന്‍ സഹോദരന്മാര്‍ ഉള്‍പ്പെടുന്ന അങ്ങേരുടെ വിശാല കുടുംബവും രാവും പകലും അഴിമതി നടത്തുമ്പോള്‍ ഇവിടെ അഴിമതി മൊത്തം സ്വന്തം കൂട്ടുകാരി ശശികലയ്ക്ക് മാത്രമായി പരിമിത പ്പെടുത്തിയിരിക്കുന്നു.
തീര്‍ച്ചയായും ജയയുടെ മുഖ്യമന്ത്രി എന്ന നിലയിലെ ഒടുവിലെ വര്‍ഷങ്ങളില്‍ ഒരു പാട് നല്ല മാതൃകകള്‍ ഉണ്ടായിട്ടുണ്ട്. എല്ലാറ്റിലും അവരുടെ സ്റ്റിക്കര്‍ ഒട്ടിച്ചു അമ്മ ബ്രാന്‍ഡ് ആക്കിയിട്ടുണ്ട് എങ്കിലും. സബ്‌സിഡികളുടെ ശത്രു ആയിരുന്ന അവര്‍ സൌജന്യങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. അതിന് കാരണം സിമ്പിള്‍ ആണ്. നവ ഉദാരവത്കരണം നടപ്പാക്കുന്നതില്‍ നരസിംഹ റാവുവിനും മന്മോഹനും ചന്ദ്രബാബു നായിഡുവിനും ഒപ്പം നിന്ന അവര്‍ തിരഞ്ഞെടുപ്പില്‍ പൊട്ടി. ഒരു രൂപയ്ക്ക് റേഷന്‍ എന്ന കരുണാനിധിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍…….. സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ആനുകൂല്യങ്ങള്‍ നിഷേധിച്ച് വിരട്ടിയതും ബാക്ക് ഫയര്‍ ചെയ്തു. ആഗോളവത്കരണം മുറുകെ പിടിച്ചാല്‍ പാര്‍ട്ടി ബാക്കി ഉണ്ടാകില്ല എന്ന തിരിച്ചറിവ് വന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരി ആയിരുന്നു ജയ.
വൈകിയെത്തിയ വിവേകം ഗുണം ചെയ്തു. മന്ത്രിസഭയിലേയും പാര്‍ട്ടിയിലെയും വിഡ്ഢികളില്‍ നിന്നും ഭരണം സത്യസന്ധരും കഴിവുള്ളവരുമായ കുറെ മുന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാരുടെ ഷാഡോ സര്‍ക്കാരില്ലേക്ക് മാറി. ജയ ഭരണത്തിലെ നന്മകള്‍ എല്ലാം ആ ഷാഡോ സര്‍ക്കാരിന് അവകാശപ്പെട്ടത് ആണ്. പ്രത്യേകിച്ച് മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്. ജയ ഇന്ന് നേടുന്ന ആദരവുകള്‍ക്ക് അവര്‍ ആണ് പ്രധാന കാരണം.
ഭരണ കൂടം ജനങ്ങള്‍ക്ക് വേണ്ടാത്തത് ഒന്നും അടിച്ചേല്പിക്കരുത് എന്ന തത്വമാണ് ഒടുവിലെ വര്‍ഷങ്ങളില്‍ ജയയുടെ സര്‍ക്കാരിന് (ഷാഡോ) അടിസ്ഥാന ഫിലോസഫി ആയി ഉണ്ടായിരുന്നത്. ഗയില്‍ പൈപ്പ് ലൈന്‍ അടക്കം ബലമായി കൃഷിഭൂമി പിടിച്ചെടുക്കുന്ന പദ്ധതികളില്‍ നിന്നും ഒടുവില്‍ അവര്‍ വിട്ടു നിന്നു. ജനങ്ങള്‍ വേണ്ട എന്ന് പറഞ്ഞിടത്ത് ഒന്നും അടിച്ചേല്പിച്ചില്ല. കൂടംകുളത്ത് പോലും അവരുടെ സമീപനം മുന്‍കാലങ്ങളിലെ പോലെ നിര്‍ദയം ആയിരുന്നില്ല.
എന്നാല്‍ അനിയന്ത്രിതമായ വാഴ്ത്തുപ്പാട്ടുകളിലും സ്തുതിപാടകരുടെ കോറസുകളിലും എളുപ്പത്തില്‍ മൂടി വയ്ക്കാവുന്ന ഒന്നല്ല ജയയുടെ ഭൂതകാലം. കോവന് വന്നു പെട്ട ദുരന്തം നാം കണ്ടു. ജയാ ഭരണത്തിന് കീഴില്‍ നടന്ന അതിക്രമങ്ങള്‍, പോലീസ് ഭീകരതകള്‍, മണ്ണ്-മണല്‍ മാഫിയകളുടെ കിരാത വാഴ്ചകള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ദളിത് വിരുദ്ധ സമീപനങ്ങള്‍, ജാതിക്കോമരങ്ങള്‍ക്കുള്ള ഭരണ കൂട പിന്തുണ, സാമൂഹ്യ-രാഷ്ട്രീയ വിവേചനങ്ങള്‍, ദുരഭിമാന കൊലകള്‍ എന്നിവയൊന്നും അത്രയെളുപ്പം മറക്കാന്‍ ആകില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ ജനങ്ങളുടെ അടിസ്ഥാനാവകാശങ്ങളോടുള്ള അവരുടെ സമീപനങ്ങളും. അവര്‍ ഭയപ്പെടുത്തി ഭരിച്ചു. അണ്ണാ ലൈബ്രറി, പുതിയ സെക്രട്ടറിയേറ്റ് എന്നിവയുടെ കാര്യത്തില്‍ അവര്‍ പൊതു പണം വേസ്റ്റ് ആക്കിയത് വെറും വ്യക്തിഗത ഈഗോ ശമിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ചെന്നൈ വെള്ളപ്പൊക്കം നടക്കുമ്പോള്‍ ഭരണാധികാരി സ്വന്തം വീട്ടിന്റെ സുരക്ഷയിലേയ്ക്ക് ഉള്‍വലിഞ്ഞു. ജനത്തെ നരകിക്കാന്‍ വിട്ടു. പാര്‍ട്ടിയിലും സംസ്ഥാനത്തും അവര്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ഉണ്ടാക്കി.
ബാബറി മസ്ജിദ് തകര്‍ത്തത് സ്വാഗതം ചെയ്ത ആദ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രി ആയിരുന്നു ജയ. അതും പോരാഞ്ഞ് വാജ്‌പേയി മന്ത്രി സഭയെ അധികാരത്തില്‍ കയറ്റി. അവര്‍ അതിന്റെ വര്‍ഗീയ അജണ്ടകളോട് ഒരിക്കലും എതിരിട്ടില്ല. ആ സര്‍ക്കാരിനെ മറിച്ചിടാന്‍ അവരെ പ്രേരിപ്പിച്ചതും വ്യക്തിഗത ഈഗോകള്‍ മാത്രം ആയിരുന്നു. മോഡി സര്‍ക്കാര്‍ വന്ന ശേഷം അതിനോടുള്ള അവരുടെ സമീപനവും ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ ഗുണം ചെയ്യുന്നതായിരുന്നു.
അപകീര്‍ത്തി നിയമം ദുരുപയോഗം ചെയ്ത് അവര്‍ മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഭയപ്പെടുത്തി നിശബ്ദരാക്കി. സര്‍വാധിപത്യം ആയിരുന്നു അവരുടെ എന്നത്തേയും സ്വപ്നം.
വ്യക്തിപരമായി ഒരു വലിയ കടപ്പാട് അവരോടുണ്ട്. സത്യമംഗലം വന്യ ജീവി സങ്കേതം കടുവാ റിസര്‍വ് ആക്കുമ്പോള്‍ പതിനായിരത്തോളം ആദിവാസി കുടുംബങ്ങളെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പദ്ധതി ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് വര്‍ഷം ആ ജനസമൂഹത്തിന്റെ അതിജീവനാവകാശങ്ങള്‍ക്ക് വേണ്ടി തുടര്‍ച്ചയായി എഴുതി. അവയില്‍ ചില വാര്‍ത്തകള്‍ വായിച്ച് ആ മനുഷ്യരെ ഒഴിപ്പിക്കാതെ കടുവ സങ്കേതം ആക്കിയാല്‍ മതി എന്നവര്‍ ഉത്തരവിട്ടു.
തമിഴ്‌നാട് പോലെ സദാചാരം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍, സ്ത്രീകളുടെ സാമൂഹിക അസ്ഥിത്വം എന്നിവയില്‍ ഇന്നും കടുത്ത പ്രാകൃത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ആ കാപട്യങ്ങളുടെ ഉരുക്ക് കോട്ടകള്‍ തകര്‍ത്താണ് അവര്‍ തന്റെതായ ഒരു സ്ഥാനം ഉറപ്പാക്കിയത് എന്നതില്‍ സംശയമില്ല. വസ്തുനിഷ്ഠവും സമഗ്രവും മുന്‍വിധികള്‍ ഇല്ലാത്തതുമായ വിലയിരുത്തലുകള്‍ ആണ് ജയയുടെ കാര്യത്തില്‍ വേണ്ടത്. ഏതൊരു ഭരണാധികാരിയുടേയും ഏകാധിപത്യ പ്രവണതകളെ ധീരതയും മാതൃകയും ആയി വാഴ്ത്തുന്നത് നമ്മളിലെ ജനാധിപത്യ വാദി മരിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചന തന്നെയാണ്.
(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍: ആസിഡ് അറ്റാക്കില്‍ മുഖം വികൃതമാക്കപ്പെട്ട ചന്ദ്രലേഖ യും സുസ്‌മേരവദനയായ ജയയും)