
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിപിഐഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അതേസമയം, കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. സിബിഐ അന്വേഷമെന്ന ആവശ്യം ഉയരുമ്പോഴാണ് സര്‍ക്കാരിന്റെ നീക്കം. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്ന് സന്ദര്‍ശിക്കും.