കാസര്‍കോട്: പെരിയ ഇരട്ടകൊലപാതകത്തിന് ശേഷം കൊലയാളി സംഘവും സിപിഎം പ്രവര്‍ത്തകരും പടക്കം പൊട്ടിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. കൃത്യം നടത്തിയ ശേഷം സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട സംഘം കാഞ്ഞിരങ്ങോട്ടെ വീട്ടില്‍ വച്ച് വസ്ത്രം മാറി, ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഷ്യനെറ്റ് ന്യൂസ് അവറിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറെക്കാലത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞത്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണം. കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണന്‍ വെളിപ്പെടുത്തി.
മികച്ച സംഘാടകനും കലാകാരനുമായ ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. അതിനാല്‍ തന്നെ നാട്ടിലെ സിപിഎമ്മുകാര്‍ ശരത്തിനെ നേരത്തെ നോട്ടമിട്ടിരുന്നു. അവന് നേരെ അവര്‍ നീങ്ങുമോ എന്ന ഭയത്തില്‍ മംഗലാപരത്ത് പഠിച്ചിരുന്ന മകനെ ഞാന്‍ പിന്നീട് ആരുമറിയാതെ പോണ്ടിച്ചേരിക്ക് മാറ്റുകയായിരുന്നെന്നും സത്യനാരായണന്‍.