ന്യൂഡല്‍ഹി: കാശ്മീരിനെ ലക്ഷ്യം വച്ച് ഐസിഎസിന്റെ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഭീകര സംഘടന തയ്യാറാക്കുകയാണ്. കാശ്മീരില്‍ ഖിലാഫത്ത് നടപ്പാക്കാനാണ് ഐസിസിന്റെ ആഗ്രഹം. അതിന് കാശ്മീരി ഭീകരവാദികളെ യോജിപ്പിക്കാനാണ് നീക്കം. പാകിസ്ഥാനെയും ഇന്ത്യയേയും മാറ്റി നിര്‍ത്തി കാശ്മീര്‍ സ്വന്തമാക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്.
ഇതിനായി കാശ്മീരിലെ സ്വതന്ത്ര ഭീകര സംഘടനകളുമായി ഐസിസ് ചര്‍ച്ച നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.ക്രൈസ്തവ നിയമങ്ങളിലാണ് വത്തികാന്റെ ഭരണം. ഇതേ സാഹചര്യം കാശ്മീരില്‍ സാധ്യമാക്കുകയാണ് ഐസിസിന്റെ ലക്ഷ്യം. ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഇസ്ലാമിക ഭരണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിന്നിരുന്നു. കാശ്മീരിനെ മോചിപ്പിച്ച് ഈ മാതൃകയിലെ ഭരണം കാഴ്ച വയ്ക്കുകയാണ് ലക്ഷ്യം. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ സ്വാധീനിച്ച് ഇത് സാധ്യമാക്കാനാണ് നീക്കം. ഈ സാഹചര്യത്തില്‍ കാശ്മീരില്‍ വേണ്ട മുന്‍കരുതലുകള്‍ രഹസ്യാന്വേഷണ വിഭാഗം എടുത്തു കഴിഞ്ഞു.
ഐസിസിന്റെ വെബ് ചാറ്റുകളിലാണ് ഈ സൂചനയുള്ളത്. കാശ്മീരിനെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നാണ് ആവശ്യം. കാശ്മീരില്‍ രണ്ട് തരം പോരാട്ടം വേണ്ടിവരുമെന്നാണ് ഐസിസ് പറയുന്നത്. ഒന്ന് ഇന്ത്യാക്കാരായ കാഫിര്‍ പട്ടാളക്കാരോട്. രണ്ട് പാക്കിസ്ഥാനി ജിഹാദി ഗ്രൂപ്പുകളോട്. പാക് സ്‌പോണ്‍സേര്‍ഡ് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയിബയേയും ജെയ്‌ഷെ മുഹമ്മദിനേയും കുറ്റപ്പെടുത്തുന്നുമുണ്ട്. പാക് ദേശീയതയില്‍ അടിസ്ഥാനപ്പെടുത്തിയ അടിത്തറയിലാണ് ഈ സംഘടനകളുടെ പ്രവര്‍ത്തനമെന്നാണ് വിമര്‍ശനം.
ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ഐസിസ് ഭീകരന്‍ മുഹമ്മദ് സിറാജുദ്ദീനില്‍ നിന്നാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്. കാശ്മീരിനെ മോചിപ്പിച്ച് പുതിയൊരു ലോകരാജ്യക്രമത്തിന്റെ സന്ദേശം നല്‍കാനാണ് ഐസിസ് ആഗ്രഹിക്കുന്നത്. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ മരണം ഐസിസ് ആഘോഷമാക്കിയെന്ന സൂചനയുണ്ട്. അറസ്റ്റിലായ ആള്‍ക്ക് ഐസിസുമായി മാത്രമല്ല അല്‍ഖൈയ്ദയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്ക പോലുള്ള ലോകരാജ്യങ്ങള്‍ ഇടപെട്ടാല്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും അടുക്കുമെന്ന് ഐസിസ് കണക്ക് കൂട്ടുന്നു. അതിനാലാണ് കാശ്മീരില്‍ പുതിയ ഖിലാഫത്തിനായുള്ള പുതിയ നീക്കമെന്നാണ് ലഭിച്ച സൂചനകള്‍.