സ്വന്തം ലേഖകൻ
ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്ണൂർ സ്വദേശിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കനകമലയിൽ രഹസ്യയോഗം കൂടാൻ വാട്‌സ്ആപ് വഴി നിർദേശം നൽകിയതും ഇയാളായിരുന്നു. സംഘത്തലവനായ കണ്ണൂർ സ്വദേശി അഫ്ഗാനിസ്ഥാനിലാണെന്നും എൻ.ഐ.എ. പറയുന്നു. ഇയാൾ ഒഴികെയുള്ള രണ്ടുപേരെ പറ്റി വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. പതിനഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പിലെ പന്ത്രണ്ടുപേർ പിടിയിലായി.
സോഷ്യൽമീഡിയ വഴിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ എൻ.ഐ.എ നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാനത്ത് നിന്നും കത്തോലിക്ക സഭ വിശ്വാസിയായ ഒരാളെ ഐ.എസിൽ എത്തിക്കുന്നവർക്ക് വൻതുകയാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ സംസ്ഥാനത്തുനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മെറിൻ, ബെസ്റ്റിൻ, നിമിഷ, ബാസ്റ്റിൻ എന്നിവർ പരമ്പാരാഗത ക്രൈസ്തവസഭയിൽ പെട്ടവരായിരുന്നു. ഇവർ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തൊറാബോറ എന്ന സ്ഥലത്തുണ്ടെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ച വിവരം. താലിബാൻ തലവൻ ഒസാമാ ബിൻ ലാദൻ ഉൾപ്പെടെയുള്ളവർ ദീർഘകാലം ഒളിവിൽ കഴിഞ്ഞ ഗുഹാസമുച്ചയങ്ങൾ നിറഞ്ഞ പച്ചീർമാ ആഗം മലനിരകളിലാണ് ഈ സ്ഥലം.
സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും ഇസ്ലാമിക് സ്‌റ്റേറ്റിനു വേരുകളുണ്ടെന്നും കണ്ടെത്തി. പല സ്ഥലങ്ങളിലും സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകരാണ് ഉള്ളത്. ഇവരുടെ പൂർണ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവർക്ക് ആഗോളതലത്തിലുള്ള ഭീകരരുടെ സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നവരും നിയമസഹായം നൽകുന്നവരും നീരീക്ഷണത്തിലാണ്. ആലുവ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞമാസം നടന്ന യോഗങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എൻ.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ നിർദേശ പ്രകാരം മുൻകാല സിമി പ്രവർത്തകരുടെ വിവരങ്ങൾ പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
അന്വേഷണ ഏജൻസികൾ പിടിമുറുക്കിയതോടെ ഐ.എസ്. ഭീകരസംഘടനയിലേക്ക് എത്തിപ്പെടാനാവാതെ എൺപതിലധികം പേർ സംസ്ഥാനത്ത് സഌപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്നതായി വിവരമുണ്ട്. തീവ്ര മതചിന്തയോടെ പ്രവർത്തിക്കുന്ന ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).ഐ.എസ്. സഌപ്പിങ് സെല്ലുകളുണ്ടെന്ന് വ്യക്തമായതോടെ ഇവരെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്ക് റിപ്പോർട്ടും െകെമാറി.