ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ജമ്മു കശ്മീര്‍ കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളുടെ പരാതി പ്രകാരമാണ് നടപടി.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ വ്യാജമൊഴി നൽകാൻ കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന സാക്ഷികൾ പരാതിയിൽ പറയുന്നു.
പോലീസ് സീനിയര്‍ സൂപ്രണ്ടും അന്വഷണ സംഘത്തലവനുമായ ആര്‍ കെ ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസ്സാര്‍ ഹുസ്സൈന്‍, എസ് ഐമാരായ ഉര്‍ഫാന്‍ വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് മരണംവരെ തടവുശിക്ഷ ലഭിച്ചിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് മറ്റു മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.