കൈ വച്ചതിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ കാവാലം നാരായണപ്പണിക്കര്‍

തിരുവനന്തപുരം: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങളെ മലയാള നാടകവേദിയിലേക്ക് ഉള്‍ച്ചേര്‍ത്തു. അവനവന്‍ കടമ്പ, ദൈവത്താര്‍, തെയ്യത്തെയ്യം, പൊനാടി, സാക്ഷി തുടങ്ങി ഇരുപതോളം നാടകങ്ങള്‍ അരങ്ങിലെത്തിച്ചു.ഷേക്സ്പിയറുടെ ടെംപെസ്റ്റ്, സംസ്കൃതനാടകമായ ഭഗവദജ്ജുകം തുടങ്ങിയവ മലയാളത്തില്‍ അവതരിപ്പിച്ചു. ഭാസന്റെ ‘മധ്യമ വ്യായോഗം:, ‘കര്‍ണഭാരം’, ‘ഊരുഭംഗം’, ‘സ്വപ്നവാസവദത്തം’ കാളിദാസന്റെ ‘ശാകുന്തളം’,‘വിക്രമോര്‍വശീയം’, തുടങ്ങിയവ സംസ്കൃത്തതില്‍ തന്നെ അരങ്ങിലെത്തിച്ചു. കാളിദാസനാടങ്ങള്‍ കാവാലത്തിന്റെ നേതൃത്വത്തില്‍ ഉജ്ജയിനിയിലെ കാളിദാസ സമാഹോരോഹില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ നാടകവേദിയുടെ പ്രശംസ നേടി. ചലച്ചിത്രനടന്‍ മോഹന്‍ലാലാണ് സംസ്കൃതത്തില്‍ കര്‍ണഭാരം അവതരിപ്പിച്ചത് .

എല്ലാ കവികള്‍ക്കും ഒരു പോലെ വഴങ്ങുന്നതല്ല ചലച്ചിത്രഗാന രചന. കവി നാടകരംഗത്തെ ഉടച്ചുവാര്‍ക്കുന്നതില്‍ ശ്രദ്ധയൂന്നിയ കലാകാരന്‍ കൂടിയാണെങ്കില്‍ ഗാനരചന ഒട്ടും എളുപ്പവുമാകില്ല. പക്ഷേ നാടക രംഗത്ത് എന്നതു പോലെ ഗാനരചനയിലൂടെയും കാവാലം നാരായണപ്പണിക്കര്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധുനിക മലയാള സിനിമയിലെ ക്ലാസിക് എന്ന് സിനിമ ലോകം വിളിച്ച ഭരതന്റെ രതിനിര്‍വേദത്തിലൂടെ, കാലം കുഞ്ഞു മനസില്‍ ചായം പൂശി..; എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെ ഒരു പിടി മനോഹര ഗാനങ്ങള്‍ രചിച്ചു കൊണ്ടാണ് അദ്ദേഹം ചലച്ചിത്രഗാന രംഗത്തേക്ക് കടന്നുവന്നത്. രതിനിര്‍വേദത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ചു വരുന്ന ,തിരുതിരുമാരന്‍ കാവില്‍.. എന്ന ഗാനം ഒരു തലമുറയുടെ ആകെ ഉള്ളുലച്ച കൊടുങ്കാറ്റിന്റെ സംഗീതമായി മാറി

ഗ്രാമീണതയുടെ നൈര്‍മല്യവും ഭംഗിയും നാടന്‍ ശീലുകളുമൊക്കെ തുളുമ്പിയ ആ ഗാനങ്ങള്‍ എല്ലാ കാലത്തെയും കാല്‍പനിക ബിംബങ്ങളോടു ചേര്‍ന്നു നിന്നപ്പോള്‍ പാട്ടിന്റെ വഴിയില്‍ അത് പുത്തന്‍ ആസ്വാദന വഴികള്‍ തുറന്നിട്ടു.നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂരിഭാഗം സമയവും അദ്ദഹം നീക്കിവച്ചെങ്കിലും അതിനിടയില്‍ കുത്തിക്കുറിച്ച എയ്രോ ഗാനങ്ങള്‍ ആസ്വാദകനെ തഴുകി കടന്നു പോയി. കാലം ലോകത്തിനു വരുത്തിയ മാറ്റങ്ങള്‍ അത്തരം ഗാനങ്ങളിലൂടെ പര്‍ന്നാടിയപ്പോള്‍ പ്രകൃതിയുടെ താളവും സംഗീതവും ഗ്രാമീണതയുടെ ചൂടും ചൂരും ശ്രോതാക്കള്‍ തിരിച്ചറിയുകയായിരുന്നു. ഉത്സവപ്പിറ്റേന്നിലെ അത്തിന്തോ തിന്താരേ, സര്‍വകലാശാല സിനിമയില്‍ നെടുമുടി വേണു പാടി അഭിനയിച്ചു ഹിറ്റാക്കിയ അതിരുകാക്കും മലയൊന്നു തുടത്തേ തുടുത്തേ എന്നു തുടങ്ങുന്ന ഗാനങ്ങള്‍ മുതല്‍ ഇവന്‍ മേഘരൂപനിലെ ആണ്ടേലോണ്ടേ നേരേ കണ്ണില്‍ എന്നു തുടങ്ങുന്ന ഗാനം വരെ എത്രയെത്ര ഗാനങ്ങള്‍. പലപ്പോഴും അവയൊക്കെ ഒരു ഗാനത്തിന്റെ ചട്ടക്കൂടുകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

 

രാഗവും താളവും ഒക്കെ കടന്ന് ചൊല്‍ക്കാഴ്ചയുടെ വിതാനങ്ങളിലേക്കുയര്‍ന്നു പടര്‍ന്ന ആ ഗാനങ്ങളൊക്കെയും കേവലം സിനിമാപാട്ടിന്റെ ചട്ടക്കൂട്ടിനപ്പുറത്തേക്കു കടന്നു ചെന്നു.കുമ്മാട്ടിയിലെ കറുകറക്കാര്‍മുകില്‍, ഒറ്റാലിലെ മനതിലിരുന്ന് ഓലേഞ്ഞാലി തുടങ്ങിയ ഗാനങ്ങളിലൂടെ രചനാസൗന്ദര്യത്തിനപ്പുറം ആലാപന തീവ്രതയും അദ്ദേഹം മലയാളിക്കു പകര്‍ന്നു നല്‍കി. അക്കാറ്റും പോയ്(രണ്ടു ജന്മം), അനന്ത സ്നേഹത്തിന്‍(വിട പറയും മുന്‍പേ), അറിയാ വഴികളില്‍(മഞ്ചാടിക്കുരു), അലകളിലെ പരല്‍മീന്‍ പോലെ(അതിരാത്രം), ആത്മാവില്‍ തിങ്കള്‍ കുളിര്‍(ആമേന്‍) തുടങ്ങിയ ഗാനങ്ങള്‍ ചലച്ചിത്രത്തിനപ്പുറത്തേക്കു വളര്‍ന്നു. പഴയ തലമുറയിലെ സംഗീതപ്രതിഭകളായ എം.എസ് വിശ്വനാഥന്‍, എം.ബി ശ്രീനിവാസന്‍, ജി. ദേവരാജന്‍ മുതല്‍ പുതുതലമുറയിലെ സംഗീത സംവിധായകരായ ഷഹബാസ് അമന്‍ വരെയുള്ള സംഗീത സംവിധായകരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.
ദേശീയ പുരസ്കാരം നേടിയ ജയരാജിന്റെ ഒറ്റാലിലെ രണ്ടു ഗാനങ്ങള്‍ക്കു സംഗീത സംവിധാനവും അദ്ദേഹം നിര്‍വഹിച്ചു. ഒപ്പം ഒരുപിടി സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീത സംവിധായകന്റെ വേഷമിട്ടു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ജി. അരവിന്ദന്റെ എസ്തപ്പാനു വേണ്ടി കഥയും തിരക്കഥയും രചിച്ചു. യതീന്ദ്രദാസിന്റെ സ്വപ്&സ്വ്ഞ്;നരാഗവും രാജീവ് നാഥിന്റെ പുറപ്പാടും കാവാലത്തിന്റെ കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ടവയാണ്. അരവിന്ദന്റെ കുമ്മാട്ടിയിലെ രാവുണ്ണിയ്ക്കു ശബ്ദം നല്‍കി. അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലൂടെ അദ്ദേഹം വെള്ളിത്തിരയിലെ അഭിനേതാവുമായി. അങ്ങനെ അങ്ങനെ, നാടകത്തിനുള്ളിലെ നാടകത്തെ അവതരിപ്പിച്ചു കൊണ്ട് മനുഷ്യജീവിതത്തിന്റൈയും മലയാളിയുടെ സാംസ്കാരിക പൈതൃകത്തിന്റെയും മഹിമ അടയാളപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ കൈവെച്ച എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പു ചാര്‍ത്തിയാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്.കേന്ദ്രസംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ കാവാലം കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്നു. 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. നാട്ടുമൊഴികളുടെ ചന്തവും കരുത്തും തുടിക്കുന്ന നൂറിലേറെ കവിതകളുടെ രചയിതാവാണ്. ഭാര്യ ശാരദാമണി. മക്കള്‍ ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ ഹരികൃഷ്ണന്‍

Top