കാവ്യയുടെ അറസ്റ്റ് ബുധനാഴ്ച; കുരുക്ക് മുറുക്കി പൊലീസ്: കാറിൽ നിന്നു സുനി വിളിച്ചത് കാവ്യയെ

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന്. നടിയെ ആക്രമിക്കാൻ കാറിനുള്ളിൽ കയറിയ ശേഷം പൾസർ സുനി വിളിച്ചത് ദിലീപിന്റെ ഭാര്യ കാവ്യമാധവനെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചു സുനി നേരത്തെ തന്നെ മൊഴിയും നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ബുധനാഴ്ച കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന സൂചനകളാണ് ഇപ്പോൾ പൊലീസ് സംഘം പുറത്തു വിടുന്നത്. കാവ്യയുടെ അറസ്റ്റലേയ്ക്കു കാര്യങ്ങൾ നീങ്ങിയാൽ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കുന്നതാവും ഇത്
കാവ്യാ മാധവനോട് വീണ്ടും ചോദ്യം ചെയ്യലിനു വിധേയയാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കാവ്യയുടെ സൗകര്യമനുസരിച്ചുള്ള സമയം ഈയാഴ്ച അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ അറസ്റ്റ് ചെയ്യും. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചുവെന്ന കുറ്റമാകും ചുമത്തുക. അതിനാൽ അറസ്റ്റ് ചെയ്താലും സ്റ്റേഷൻ ജാമ്യത്തിൽ കാവ്യയെ വിട്ടയക്കും. എന്നാൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തുമെന്നാണ് സൂചന. നടി ആക്രമണത്തിനിരയായ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചതിൽ നാദിർഷായ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതിന് ശേഷമാകും നാദിർഷായ്ക്ക് എതിരെ ചുമത്തേണ്ട വകുപ്പുകളിൽ തീരുമാനം ഉണ്ടാക്കുക.
അതിനിടെ ഒക്ടോബറിന് മുമ്പ് തന്നെ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. കാവ്യയെ ചോദ്യം ചെയ്യുന്നതും ഡിജിപിയുടെ അനുമതിയോടെയാണ്. അതിനിടെ കാവ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടി വരുമോ എന്ന സംശയം ചില കോണുകൾ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമോപദേശവും പൊലീസ് തേടും. യുവനടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്. മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന സുനിയുടെ അഭിഭാഷകരായ രാജു ജോസഫിന്റെയും പ്രതീഷ് ചാക്കോയുടെയും മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. കാവ്യയുടെ മൊഴിയെടുക്കൽ അതിന് ശേഷമേ ഉണ്ടാകൂവെന്നാണ് സൂചന. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ പൊലീസിനെ ഏറ്റവും കുഴപ്പിച്ചതും മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതായിരുന്നു. ഇത് ലഭ്യമാകുന്നതോടെ പ്രതികൾക്കെതിരെ വ്യക്തമായ കുറ്റപത്രം സമർപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയുടെ കൈവശം നൽകിയെന്നാണ് സുനി മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതീഷും സഹ അഭിഭാഷകനായ രാജുവും അറസ്റ്റിന് വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയിൽ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടാകാത്ത ഇവരുടെ നീക്കം സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ദിലീപ് അറസ്റ്റിലായെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കപ്പെട്ട നാദിർഷ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. എന്നാൽ ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് തന്നെ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാദിർഷ ആരോപിച്ചിരുന്നു. നെഞ്ചു വേദനയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നാദിർഷ ആശുപത്രി വിട്ടാലുടൻ പൊലീസ് ചോദ്യം ചെയ്യും. ഈ മൊഴി കൂടി അടിസ്ഥാനപ്പെടുത്തിയാകും കാവ്യയെ ചോദ്യം ചെയ്യുക. കേസിലെ മാഡം കാവ്യയാണെന്നും എന്നാൽ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കില്ലെന്നും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു.

നാദിർഷ സഹകരിച്ചാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു വിട്ടയക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റൊഴിവാക്കാൻ സാക്ഷിയാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാൽ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നാദിർഷ കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പൾസർ സുനി ജയിലിൽനിന്നു ഫോൺ ചെയ്ത വിവരം നാദിർഷ മറച്ചുവച്ചെന്നും കൈമാറിയ ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതു പൂർണമല്ലെന്നും എഡിറ്റ് ചെയ്തെന്നും അന്വേഷണസംഘം വ്യക്തമാക്കി. നടനും സംവിധായകനും, ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിർഷയെ അറസ്റ്റ് ചെയ്യാനാവശ്യമായ എല്ലാ തെളിവുമുണ്ടെന്ന ഉറച്ചനിലപാടിലാണ് അന്വേഷണസംഘം. തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നു നാദിർഷയുടെ നിലപാട് മുൻകൂർ ജാമ്യഹർജിയിൽ വാദംനടക്കുമ്പോൾ പൊലീസ് ശക്തമായി എതിർക്കും.

കാവ്യാ മാധവനെതിരേയും തെളിവുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയത്. കാവ്യയുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങൾ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛൻ മാധവൻ വിളിച്ചപ്പോൾ പോലും, ‘അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണിൽ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാൽ കാവ്യമാധവന്റെ സഹോദരൻ മിഥുൻ മാധവന്റെ റിയയുമായുള്ള വിവാഹത്തിൽ പൾസർ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രിൽ മാസമായിരുന്നു മിഥുൻ മാധവന്റെ വിവാഹം. വീഡിയോ ആൽബത്തിൽ നിന്നാണ് പൾസർ സുനി വിവാഹത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടിൽ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണിൽ ബന്ധപ്പെടുകയും പിന്നാലെ പണം നൽകുകയുമായിരുന്നു എന്നാണ് വിവരം. കോടതിയിൽ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാർ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ ജസ്റ്റിസ്സ് സുനിൽ തോമസിന്റെ സിംഗിൾ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരൻ നായർ കൈമാറിയിരുന്നു.
അതായത്, ദിലീപിന്റെ ക്വട്ടേഷൻ 2013 ൽ ഏറ്റടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പൾസർ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുറ്റപത്രം പഴുതടഞ്ഞ രീതിയിൽ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്. ഈ മൊഴിയാണ് കാവ്യയെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിർഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകർ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നൽകണമെന്നും ഉപദേശിച്ചു എന്നാണു വിവരം. എന്നാൽ, സാങ്കേതികത്തെളിവുകൾ ആവശ്യത്തിന് ഉള്ളതിനാൽ കാവ്യ കള്ളമൊഴി നൽകിയാലും പൊലീസിനു പൊളിക്കാനാവും.

എറണാകുളം സി.ജെ.എം. കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനിയുടെ നിർണായക വെളിപ്പെടുത്തൽ. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ വ്യക്തമാക്കിരുന്നു. പൾസറിനെ വർഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മൊഴിയും ഉണ്ട്. പൾസർ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പൾസറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണിൽനിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാൻ പൊലീസിനു കഴിയും.

പൾസറിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ കാവ്യയിൽനിന്നു കുറ്റസമ്മതമാണു പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണിൽനിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറിൽ തന്റെ ഫോണിൽനിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനൽകിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്. അറസ്റ്റ് ഒഴിവാക്കാൻ കാവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടാനിടയില്ല. ഇത് തള്ളിയാൽ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും അന്വേഷണ സംഘം തയ്യാറാകും. അതുകൊണ്ട് തന്നെ അത്തരമൊരു നീക്കം കാവ്യ നടത്തില്ലെന്നാണ് സൂചന.

Top