കാസര്‍ഗോഡ്: വോട്ട് പിടിക്കാന്‍ കാവ്യാ മാധവനും..! ഏത് പാര്‍ട്ടിക്കൊപ്പമായിരിക്കും കാവ്യയെന്നായിരിക്കും വായനക്കാര്‍ ചിന്തിക്കുന്നത്. എന്നാല്‍ കാവ്യ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്നതാണ് വാസ്തവം. കാവ്യയുടെ സ്വന്തം നാടായ നീലേശ്വരത്താണ് വോട്ടഭ്യര്‍ത്ഥനയുമായി കാവ്യ എത്തിയത്. കാവ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കുവേണ്ടിയോ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയോ അല്ല. ജനാധിപത്യ രാജ്യത്ത് എന്തിന് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് കാവ്യ ജനങ്ങള്‍ക്കിടെയിലേക്ക് ഇറങ്ങുന്നത്.
വോട്ട് ചെയ്യുകയെന്നത് പൗരന്റെ കടമയാണെന്നും അത് വളരെ പ്രധാനപ്പെട്ടതാണെന്നുമാണ് കാവ്യയുടെ അഭിപ്രായം. ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കാവ്യ പറയുന്നു. വോട്ടിങ് ശതമാനം കൂട്ടുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
ഞാന്‍ വോട്ട് ചെയ്യും, കടമ നിര്‍വഹിക്കും എന്നെഴുതിയുള്ള സൈന്‍ബോര്‍ഡില്‍ കാവ്യ ഒപ്പുവച്ചത്തോടെയാണ് ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായത്. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, സബ് കളക്ടര്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ടുലക്ഷം പേരാണ് സമ്മതിനാദാവകാശം നിര്‍വഹിക്കാതിരുന്നത്. ഈ അവസ്ഥ മാറാനാണ് ജില്ലാ ഭരണകൂടം ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്