മഞ്ജുവാര്യരും പാര്‍വതിയും അപര്‍ണാ ഗോപിനാഥും റിമാ കല്ലുങ്കലുമൊക്കെ മലയാള സിനിമയില്‍ തിളങ്ങുമ്പോള്‍ മറവിയിലേക്ക് പോകുന്ന പേരായി മാറുകയാണ് കാവ്യാ മാധവന്. ഒട്ടൊക്കെ വിവാദങ്ങളും സ്വകാര്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നപ്പോള്‍ സിനിമയില്‍ നിന്നും മാറി നിന്നയാളാണ് കാവ്യ. മൂന്ന് വര്‍ഷത്തോളമായി കാവ്യ സിനിമയില്‍ അത്ര സജീവമല്ല. അതിന് കാരണമായി കാവ്യ പറഞ്ഞത് മികച്ച സിനിമകള്‍ മാത്രമേ ഇനി തിരഞ്ഞെടുക്കു എന്നാണ്. അങ്ങനെ വന്ന ഷീ ടാക്സി എന്ന പോയ വര്‍ഷത്തെ ഏക സിനിമ വന്‍ പരാജയവുമായി. ശേഷം ആകാശവാണി എന്ന ചിത്രത്തില്‍ നായികയായി കാവ്യ. എന്നാല്‍ ചിത്രം ഇതുവരെയും റിലീസിനെത്തിയിട്ടില്ല.
എന്നാല്‍ മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഇപ്പോള്‍ കാവ്യ. ദിലീപിന്റെ നായികയായി തന്നെ കാവ്യ വീണ്ടും മടങ്ങി വരുന്നു എന്നതാണ് പ്രോജക്ടിന്റെ പ്രത്യേകത. ഏപ്രിലില്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കാവ്യയുടെ ആദ്യ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ചിത്രമായിരുന്നു. പിന്നീട് രണ്ടാം വരവിന് വേദിയായ പാപ്പി അപ്പച്ചയും ദിലീപ് ചിത്രമായിരുന്നു. ഇനിയൊരു മടങ്ങി വരവിന് കാവ്യ തയാറെടുക്കുമ്പോള്‍ ഏറെ വിജയ പ്രതീക്ഷയുള്ള ദിലീപ് ചിത്രം തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2011ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബിസ്നസ് സ്ഥാപനവുമായി ഏറെ സജീവമാണ് ഇപ്പോള്‍ കാവ്യ. ബിസ്നസുമായി മുമ്പോട്ടു പോകുന്നതിനിടയിലാണ് അഭിനയ രംഗത്തും കാവ്യ സജീവമാകാന്‍ ഒരുങ്ങുന്നത്. ദിലീപുമൊത്തുള്ള ചിത്രം വിജയമായാല്‍ സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് കാവ്യയുടെ തീരുമാനം.