കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫിനെതിരായ പ്രതിഷേധം പുകയുന്നതിനിടയില്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് വന്‍പരാജയമായത് നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇരിക്കൂറിലെ ശക്തനായ യുവ നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സജീവ് ജോസഫിന്റെ അസാനിധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എ ഐ സിസി നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേയില്‍ ഇരിക്കൂരിലെ ജനങ്ങള്‍ തങ്ങളുടെ ജനപ്രതിനിധിയായി ചൂണ്ടികാട്ടിയ നേതാവാണ് സജീവ് ജോസഫ്. സജീവിനെ പിന്തുണയ്ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കണ്വെന്ഷന് ബഹിഷ്ക്കരിച്ചിരുന്നു.
മണ്ഡലത്തില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവഹികളായ ജോഷി കണ്ടത്തില്‍, നൌഷാദ് ബ്ളാത്തൂര് എന്നിവരും ഡിസിസി ഭാരവാഹികളായ ജോസ് വട്ടമല, ജോജി വട്ടോളില്‍ കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിണ്ടന്റ് ബിനോയ് തോമസ് ഡിസിസി എക്സിക്യുട്ടീവ് അംഗങ്ങളായ ജോസ് പറയന്‍കുഴി കെ.പി മൈക്കിള്‍, ഇരിക്കൂര്‍ മണ്ടലം കോണ്‍ഗ്രസ് പ്രസിണ്ടന്റ് കെആര്‍ അബ്ദുള്‍ ഖാദര്‍ തുടങ്ങി പല പ്രമുഖ നേതാക്കളും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ച് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നിരുന്നു.
യോഗത്തില്‍ പങ്കെടുത്ത മറ്റ് നേതാക്കളാകട്ടെ പ്രതിഷേധം മനസിലൊതുക്കിയാണ് കണ്‍വെന്‍ഷനില്‍ സംസാരിച്ചത്. പരസ്യമായ വിമര്‍ശനം നടത്താന്‍ കഴിയാത്ത നിവൃത്തികേടാണ് പലരെയും നിശ്ബദരാക്കിയത്. ബൂത്ത് കമ്മിറ്റികള്‍ പലയിടത്തും ചേരാന്‍ പോലും കഴിയാത്ത സാഹചര്യമാണ.് നേതാക്കള്‍ പലരും നിര്‍ബന്ധിച്ചിട്ടും പണമിറക്കിയട്ടും പല ബൂത്തിലും പോസ്റ്ററൊട്ടിക്കാന്‍ പോലും പ്രവര്‍ത്തകരെ കിട്ടുന്നില്ല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ആളെ ഇറക്കിയിരിക്കുന്നത് ഇവന്റ് മാനേജ്മെന്റ് ടീം വഴിയാണ്. സ്വാഭാവികമായ പ്രതിഷേധം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് കരുതിയെങ്കലും ഇത്രയും ശക്തമായിരിക്കുമെന്ന് കെസി ജോസഫ് കരുതിയിരുന്നില്ല. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയ നിലയിലാണ്.