![](https://dailyindianherald.com/wp-content/uploads/2016/10/KC-JOSEPH-IRIKKUR-VIGILANCE-CASE-copy.png)
സ്വന്തം ലേഖകൻ
കോട്ടയം: കാൽനൂറ്റാണ്ടുകാലം മന്ത്രിയും എംഎൽഎയും ജനപ്രതിനിധിയുമായിരുന്ന കെ.സി ജോസഫ് വെറും പാപ്പർ. പക്ഷേ. ഭാര്യയുടെയും മകന്റെയും പേരിൽ കോടികള്‍ . താൻ വെറും പാപ്പരാണെന്നു പ്രഖ്യാപിക്കുമ്പോഴും ജോലിയൊന്നുമില്ലാത്ത ഭാര്യയും മകനും എങ്ങിനെ കോടീശ്വരരായി എന്നത് ഇനി കെ.സി ജോസഫിനു വിജിലൻസിന്റെ മുന്നിൽ വിശദീകരിക്കേണ്ടി വരും.മുൻമന്ത്രി കെ.സി ജോസഫിന്റെ ഭാര്യ സാറയുടെയും മകൻ അശോക് ജോസഫിന്റെയും ഉൾപ്പെടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടതോടെയാണ് കെസിയുടെ സ്വത്ത് വിവരത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തേയ്ക്കു വരാൻ തുടങ്ങുന്നത്.
29ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ റിപ്പോർട്ട് നൽകാൻ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്പിയോട്, ജഡ്ജി വി. ജയറാം നിർദ്ദേശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ മത്സരിച്ച ജോസഫ് നാമിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാനത്തിൽ കൂടുതൽ സമ്പാദ്യം കാണിച്ചുവെന്നാരോപിച്ച് ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എ.കെ. ഷാജിയാണ് വിജിലൻസ് കോടതയിൽ പരാതിപ്പെട്ടത്.
2011 മാർച്ച് 24ന് നൽകിയ സത്യവാങ്മൂലത്തിൽ കുടുംബത്തിന്റെ ആസ്തി 16,97,000 രൂപയാണ് കാണിച്ചത്. എന്നാൽ 2016 ഏപ്രിൽ 28ന് നൽകിയ സത്യവാങ്മൂലത്തിൽ ആസ്തി 1,32,69,578 രൂപയാണ്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വ.ഇ. നാരായണൻ വാദിച്ചു. തുടർന്നാണ് ജോസഫിന്റെ ഭാര്യയുടെയും മകന്റെയും വരുമാനം, ജോസഫിന്റെ ശമ്പളവും അലവൻസും ഉൾപ്പെടെയുള്ള വിശദമായ അനുബന്ധറിപ്പോർട്ട് നൽകാൻ വിജിലൻസ് എസ്പിയോട് കോടതി ആവശ്യപ്പെട്ടത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി ജോസഫിനു കോട്ടയം, കണ്ണൂർ ജില്ലകളിലും കേരളത്തിനു പുറത്തുമായി കോടികളുടെ സമ്പാദ്യമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കെ.സി ജോസഫിനു കാര്യമായ സ്വത്തില്ലെന്നു സത്യവാങ് മൂലം നൽകിയപ്പോൾ ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്താണ് ഇദ്ദേഹത്തെ വിവാദത്തിൽ ചാടിച്ചത്.
കെ സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന് അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഹെവി ട്രാന്സാക്ഷന് എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്നും നേരത്തെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് ഇതിനു മറുപടിയായി മുമ്പ് കെ സി ജോസഫ് പറഞ്ഞതെങ്കിലും ഇക്കാര്യവും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.പരാതിയില്‍ കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെ സി ജോസഫ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു ത്വരിതാന്വേഷണ റിപോര്‍ട്ട്. എന്നാല്‍, ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നു പരാതിക്കാരന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദാംശങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അതേസമയം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇതുസംബന്ധിച്ച് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും കെ സി ജോസഫ് എംഎല്‍എ പ്രസ്താവിച്ചു. തനിക്കും ഭാര്യക്കും കൂടി അഞ്ചു കൊല്ലത്തേക്ക് മൊത്തവരുമാനം 1.83 കോടി രൂപയാണെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മകന് അശോകിന്റെ വരുമാനം കൂടി ആശ്രിതനെന്ന നിലയില്‍ നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ് പരാതിക്കു കാരണം. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും കെ സി ജോസഫ് പറഞ്ഞു.