മന്ത്രി കെസി ജോസഫ് വീണ്ടും കോടതിയില്‍ മാപ്പു പറഞ്ഞു; നേരിട്ട് കോടതിയില്‍ ഹാജരാകും

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ഹൈക്കോടതിയില്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് കരുതിയല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത്. അവിചാരിതമായി സംഭവിച്ചുപോയതാണ്. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കോടതിയെ താഴ്ത്തിക്കെട്ടാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഇതു പരിഗണിച്ച് നിരുപാധികം മാപ്പ് നല്‍കണമെന്നും കെ.സി ജോസഫ് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.കോടതി നിര്‍ദേശ പ്രകാരം മൂന്നു മണിക്കു തന്നെ കോടതിയില്‍ നേരിട്ട് ഹാജരാകുമെന്നും കെ.സി ജോസഫ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ നേരിട്ട് ഹാജരാകാതിരുന്ന കെ.സി ജോസഫിന്റെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ഇത് കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞിരുന്നു. അന്ന് സമര്‍പ്പിച്ച നിരുപാധിക മാപ്പപേക്ഷ പരിഗണിക്കാതെ മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രിയുടെട നടപടിയാണ് വിവാദമായത്. ജഡ്ജിയെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ചതാണ് വിവാദത്തിന് അടിസ്ഥാനം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ ചൂണ്ടിക്കാട്ടി വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.

Top