മന്ത്രി കെസി ജോസഫ് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി; കോടതിയിലെ മാപ്പ് ജനങ്ങള്‍ അറിയില്ല; കോടതിയെ അവഹേളിച്ച് കുടുങ്ങി

കൊച്ചി: മന്ത്രി കെസി ജോസഫ് പരസ്യമായി മാപ്പ് പറയാതെ കോടയലക്ഷ്യ നടപടികള്‍ ഒഴിവാകില്ലെന്ന് ഹൈക്കോടതി. കോടതിയില്‍ മാപ്പു പറഞ്ഞാല്‍ ജനങ്ങള്‍ അറിയില്ലെ അതിനാല്‍ പരസ്യമായി തന്നെ മാപ്പ് പറയണം.

എങ്ങനെ മാപ്പു പറയണമെന്നു കെ സി ജോസഫിനു തീരുമാനിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെ തന്നെ മാപ്പു പറയാമെന്നു മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയലക്ഷ്യക്കേസില്‍ ഇന്നു കോടതിയില്‍ മാപ്പപേക്ഷ നല്‍കിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മന്ത്രി കെ.സി.ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. വിശദാംശങ്ങളടങ്ങിയ സത്യവാങ്മൂലം വീണ്ടും സമര്‍പ്പിക്കണം. മാപ്പു പറയേണ്ടത് ജനങ്ങളോടാണ്. ഭാവി തലമുറയ്ക്ക് സന്ദേശമാകണമെന്നും കോടതി നിരീക്ഷിച്ചു.

മാര്‍ച്ച് 10 നു ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. മാര്‍ച്ച് പത്തിന് നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

ഇതിനിടെയാണു ഫേസ്ബുക്കില്‍ മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നു മന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്തു ചെയ്യണമെന്നു കോടതി പറയുന്നില്ലെന്നും എന്നാല്‍ കെ.സി. ജോസഫ് സ്വീകരിക്കുന്ന മാര്‍ഗ്ഗം തൃപ്തികരമാണോ എന്നു പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി.ജോസഫ് മാപ്പു പറഞ്ഞത്. എന്നാല്‍ കുറ്റം അംഗീകരിച്ചാല്‍ മാത്രമേ മാപ്പിന് അര്‍ഹതയുള്ളൂവെന്ന് എതിര്‍ഭാഗം വാദിച്ചു. സത്യവാങ്മൂലത്തില്‍ പോലും താന്‍ ചെയ്ത കുറ്റം അംഗീകരിക്കാന്‍ കെ സി തയാറായിട്ടില്ലെന്നും പരാതിക്കാരനായ വി. ശിവന്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

വിവാദ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ മന്ത്രി അപമാനിച്ചത്. 2015 ജൂലൈ 15നായിരുന്നു അപമാനിക്കുംവിധത്തിലുള്ള പരാമര്‍ശം. തെറ്റു ബോധ്യപ്പെട്ടെന്നും പശ്ചാത്തപിക്കുന്നെന്നും മന്ത്രി കെ സി ജോസഫ് ഹൈക്കോടതിയില്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവു വന്നത്. തെറ്റു ബോധ്യപ്പെട്ടെന്നും കോടതിയോടു നിരൂപാധികം മാപ്പപേക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു. കേസില്‍ ഇന്നുച്ചകഴിഞ്ഞാണ് കോടതിയുടെ നിര്‍ദേശപ്രകാരം മന്ത്രി നേരിട്ടു ഹാജരായത്.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന പരാമര്‍ശമാണ് കോടതി നടപടികളിലേക്ക് നയിച്ചത്. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പരാമര്‍ശത്തില്‍ മന്ത്രി ഹൈക്കോടതിയില്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയെങ്കിലും വിശദമായ പരിശോധന വേണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. കുറ്റപത്രം വാങ്ങുന്നതിനായി മന്ത്രി നേരിട്ടു എത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എജി ഓഫീസ് പൂട്ടണമെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെയാണ് കെ.സി ജോസഫ് വിവാദ പരാമര്‍ശം നടത്തിയത്. ജഡ്ജിക്ക് പബ്ലിസിറ്റി ക്രേസ് ബാധിച്ചിരിക്കുകയാണെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ കഴമ്പില്ലെന്ന് മനസ്സിലാവും. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും കെസി ജോസഫ് വിമര്‍ശിച്ചിരുന്നു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് എന്നും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എയാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും.

Top