ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്തുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അറസ്റ്റ് വാറന്റ്. കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അസ്സമിലെ ദിഹു കോടതിയാണ് കേജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഡൽഹി മുനിസിപ്പൽ കോപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ ജോലി ഭാരമുള്ളതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നുവെങ്കിലും കോടതി ആ വാദം അംഗീകരിച്ചിരുന്നില്ല. ജനുവരി 30 ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും കേജ്‌രിവാൾ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും 12–ാം ക്ലാസ് വരെ മാത്രമേ മോദി പഠിച്ചിട്ടുള്ളുവെന്നും ആരോപിച്ചുള്ള ട്വീറ്റാണ് കേസിന് ആധാരം. അസ്സം ബിജെപി നേതാവ് സൂര്യ രോങ്ഫാറാണ് കേജ്‌രിവാളിനെതിരെ കേസു കൊടുത്തത്.
മോദി ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടണമെന്നും സർട്ടിഫിക്കറ്റ് പുറത്താകുന്നത് തടയിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കേജ്‌രിവാൾ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞിരുന്നു.