റേഷന്‍ ക്വാട്ടയും, ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള പൊതു സേവനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുന്ന പദ്ധതിയുമായി ഡല്‍ഹി എഎപി സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 40 ഓളം പൊതു സേവനങ്ങളാണ് വീട്ടുപടിക്കലെത്തുക. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കിയ മന്ത്രിസഭാ യോഗത്തിലാണ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനമുള്ള പദ്ധതി തീരുമാനിച്ചത്. ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷാ ഫോം, ആര്‍സി ബുക്കിലെ വിലാസം മാറ്റല്‍, റേഷന്‍ കാര്‍ഡ്, ആര്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ജാതി, ,വരുമാനം, വിവാഹം, താമസസ്ഥലം തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റ്, പുതിയ ജലവിതരണ കണക്ഷന്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ സിഎസ് സി ഉപയോഗിച്ചുള്ള പൊതുസേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കല്‍ എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. കെജ്രിവാളാണ് പദ്ധതിക്ക് ആശയം നല്‍കിയത്. അടുത്ത മൂന്നോ നാലോ മാസത്തിനകം ആരംഭിക്കുന്ന പദ്ധതിയില്‍ ഓരോ മാസവും 30 സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും സിസോദിയ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഭരണനിര്‍വഹണം വീട്ടുപടിക്കലെത്തിക്കുക എന്ന പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തുക. കോള്‍ സെന്ററുകള്‍ വഴിയാകും ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തനം നടത്തുക. ഡ്രൈവിങ് ലൈന്‍സന്‍സിന് ഒരാള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ ഏതു കോള്‍ സെന്ററിന്റെ പരിധിയിലാണോ അങ്ങോട്ടു വിളിച്ചു വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുക. ഇതിനുപിന്നാലെ മൊബൈല്‍ സഹായക് എന്ന പദവിയിലുള്ളയാള്‍ ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങളും ക്യാമറയും മറ്റുമായി വീട്ടിലെത്തി സേവനം പൂര്‍ത്തീകരിക്കും.