
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. രാജസ്ഥാനിലെ ഇലക്ഷനിലാണ് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന പ്രശ്‌നം ശ്രദ്ധയില്‍ പെടുന്നത്. സ്ഥാനാര്‍ത്ഥികള്‍കള്‍ക്ക് അവര്‍ വോട്ട് ചെയ്ത ബൂത്തില്‍ പോലും പൂജ്യം വോട്ട് കാണിച്ചതോടെയാണ് ഗുരുതരമായ പ്രശ്‌നം ശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീട് യുപി തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ജയിച്ചു കയറിയ ബിജെപിക്ക് എതിരെ മായാവതി വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി എന്ന ആരോപണം ഉന്നയിച്ചു. ബിജെപി ഭരിക്കുന്ന സ്ഥലത്താണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുന്നത് എന്നത് ആരോപണത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു കൂടുല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തുകയാണ്. അടുത്ത മാസം 22ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതാന്‍ ചീഫ് സെക്രട്ടറി എം.എം.കുട്ടയെ കേജ്രിവാള്‍ ചുമതലപ്പെടുത്തി. യുപി തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതിയും അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പിസിസി പ്രസിഡന്റ് അജയ് മാക്കന്‍ നേരത്തേ കേജ്രിവാളിനു കത്തെഴുതിയിരുന്നു.
അതേസമയം, എംസിഡി തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഉപയോഗിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നുണ്ട്. എംസിഡി തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തയാറാകണം – അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ ലാംബിയില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനോടു പരാജയപ്പെട്ട എഎപി സ്ഥാനാര്‍ഥി ജര്‍ണൈല്‍ സിങ്ങും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തുവന്നു. ഞങ്ങള്‍ പരാജയം അംഗീകരിക്കുന്നു. എന്നാല്‍, പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ സംശയമുണ്ട്. ലാംബിയിലെ പല ബൂത്തുകളിലും പാര്‍ട്ടിക്കുള്ള വൊളന്റിയര്‍മാരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ വോട്ടുകളാണു സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത്-ജര്‍ണൈല്‍ സിങ് ട്വീറ്റ് ചെയ്തു.