തിരശ്ശീലക്ക് പുറകില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയുകയും പല കപടവേഷങ്ങളും പൊഴിഞ്ഞു വീഴുകയും ചെയ്ത മാസങ്ങളാണ് കടന്ന് പോയത്. തന്റെ അറിവും സമ്മതവും കൂടാതെ തന്നെ ലൈംഗികതയ്ക്ക് വിധേയരാകപ്പെട്ട അനേകം നടിമാരും മോഡലുകളുമാണ് തങ്ങള്‍ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയാന്‍ മുമ്പോട്ട് വന്നിരിക്കുന്നതും.
എന്നാല്‍ ബലാത്സംഗത്തിന്റെ കാര്യത്തില്‍ എല്ലാവരും പുരുഷന്റെ മേധാവിത്വത്തെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീയെ കുറ്റപ്പെടുത്തി വിലയേറിയ ഹോളിവുഡ് നടിയും ലോകപ്രശസ്ത മോഡലുകളില്‍ ഒരാളുമായ കെല്ലിബ്രൂക്ക്.
സ്ത്രീകള്‍ രാത്രിയില്‍ പുറത്തു പോകുന്നതും കുടിച്ചു കൂത്താടി സ്വബോധം മറക്കുന്നതുമാണ് അമേരിക്കയില്‍ യുവതികള്‍ ബലാത്സംഗത്തിന് പതിവായി ഇരയാകുന്നതിന് കാരണമെന്ന് താരം പറയുന്നു. രാത്രിയില്‍ പുറത്തുപോകുകയും അടിച്ചു പൂക്കുറ്റിയായി ബോധം മറയുന്നതും ബലാത്സംഗവും സ്ത്രീപീഡനവും വിളിച്ചു വരുത്തുമെന്നും തങ്ങള്‍ ക്ഷണിക്കപ്പെടുന്നതായി പുരുഷന് ഇത്തരം സാഹചര്യം തോന്നല്‍ ഉളവാക്കിയേക്കുമെന്നും താന്‍ രാത്രിയില്‍ ബോധം മറയുവോളം കുടിക്കാറില്ലെന്നും താരം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മദ്യപിച്ച് ഉറയ്ക്കാത്ത അവസ്ഥയാണെങ്കില്‍ വീട്ടില്‍ നിന്നും ആളെ വിളിച്ചു വരുത്തി വേണം പോകാന്‍. കുടിക്കുന്നെങ്കില്‍ കുറച്ചേ കുടിക്കാവു. നിങ്ങള്‍ അമിതമായി കുടിച്ചാല്‍ സുരക്ഷ ഇല്ലാതാകും. അനേകം പെണ്‍കുട്ടികളാണ് ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. അത്തരം ഒരു അവസ്ഥയില്‍ കാറിലും ട്രെയിനിലും ഒന്നും സുരക്ഷ കിട്ടില്ല. നടന്നു വീട്ടില്‍ പോയാലും ആക്രമിക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം ഒരു സാഹചര്യത്തിലാണെങ്കില്‍ താന്‍ സഹായം തേടുന്നതിനെക്കുറിച്ച് രണ്ടാമത് ആലോചിക്കില്ലെന്നും താരം പറഞ്ഞു.
രാത്രി യാത്രയ്ക്ക് വിളിച്ച പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ 2009 ല്‍ എട്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ടാക്സി ഡ്രൈവറായ ബലാത്സംഗ വീരന്‍ ജോണ്‍ വോര്‍ബോയി പുറത്തു വന്ന സാഹചര്യത്തിലാണ് വിഷയം ചര്‍ച്ചയായത്. ഒരു പെണ്‍കുട്ടിയെ മയക്കുമരുന്ന് കൊടുത്തു ബോധം കെടുത്തിയ ശേഷം കാറിനുള്ളിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഒരു ഡസനോളം ആള്‍ക്കാരാണ് ആരോപണവുമായി പോലീസിന് മുന്നിലെത്തിയത്. 100 ലധികം ലൈംഗിക പീഡനക്കേസുകളില്‍ ഇയാള്‍ ഉത്തരവാദിയാണെന്നാണ് പോലീസ് പറയുന്നത്.
സ്ത്രീപീഡകരായ അനേകം ആള്‍ക്കാര്‍ ഉണ്ട്. ടാക്സി ഡ്രൈവര്‍മാരും ഇതില്‍ പെടുന്നു. അതുകൊണ്ടു തന്നെ താന്‍ അധികമായി മദ്യപിക്കാറില്ലെന്നും അപരിചിതരെ വിശ്വസിക്കാറില്ലെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ ടാക്സി ഡ്രൈവര്‍മാരല്ല കുറ്റക്കാര്‍ രാത്രി പുറത്ത് പോകുന്ന സ്ത്രീകളാണ് പ്രശ്നക്കാരെന്നും താരം പറഞ്ഞു. അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ വഴി നടിക്ക് വന്‍ വിമര്‍ശനമാണ് ഉയരുന്നത്.