കേരളം പിടിക്കാൻ ആർഎസ്എസിന്റെ മിഷൻ 2019; എല്ലാ ജില്ലയിലും ബലിദാനികളെ സൃഷ്ടിക്കാൻ നീക്കം; ലക്ഷ്യം പത്ത് ലോക്‌സഭാ സീറ്റും കേരള ഭരണവും

പൊളിറ്റിക്കൽ ഡെസ്‌ക്
കൊച്ചി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പത്ത് ലോക്‌സഭാ സീറ്റുകൾ പിടിച്ചു ഗംഭീര വിജയം ഉറപ്പാക്കാൻ ആർഎസ്എസ് നേരിട്ടു രംഗത്തിറങ്ങുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുന്നതിനായി മിഷൻ 2019 പ്രഖ്യാപിച്ച ആർഎസ്എസ് ഇതിനായി രണ്ടു സംസ്ഥാനങ്ങളിലും നൂറു വീതം കർമ്മസമിതി അംഗങ്ങളെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണം ഉറപ്പാക്കി ഭരണം പിടിക്കുകയാണ് ആർഎസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് എല്ലാ ജി്ല്ലയിലും ബലിദാനികളെ സൃഷ്ടിക്കാനും ഇതിലൂടെ ബിജെപി നേതൃത്വത്തിനു ജനങ്ങൾക്കിടയിൽ സഹതാപ തരംഗം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായി സംഘർഷം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ ക്രമസമാധാന രംഗത്ത് വൻ പരാജയമാണെന്നു വരുത്തി തീർക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് ആർഎസ്എസ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ ആർഎസ്എസിനു കൂടുതൽ ബലിദാനികളെ സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തിൽ ബലിദാനികളെ കൂടുതലായി സൃഷ്ടിക്കുന്നതു സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തുറന്നു കാട്ടാനുള്ള വഴിയാകുമെന്നാണ് ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ജനകീയ സമരങ്ങളിലൂടെ ബിജെപി നേതൃത്വം ജനങ്ങളുടെ മനസിൽ ഇടം പിടിക്കണമെന്നും ആർഎസ്എസ് നിർദേശമുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിഡിജെഎസും – ബിജെപിയും ചേർന്നു സൃഷ്ടിച്ച എൻഡിഎ സഖ്യമാണ് ആർഎസ്എസ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകൾ കൂടുതൽ ശക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. ഈ സാഹചര്യത്തിൽ കൂടുതൽ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനും ശക്തമായ പ്രതിപക്ഷമാകാനും ബിജെപിയും ശ്രദ്ധിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായുണ്ടായ ആക്രമണങ്ങൾ ആർഎസ്എസിനും – ബിജെപിയ്ക്കും കരുത്തു പകരുന്നതാണെന്ന കണക്കുകൂട്ടലിലാണ് ആർഎസ്എസ് കേന്ദ്ര നേതൃത്വം. ഇത്തരത്തിൽ വ്യാപകമായുണ്ടായ ആക്രമങ്ങൾ പാർട്ടി ശക്തമല്ലാത്ത സ്ഥലങ്ങളിൽ പോലും കരുത്തു നൽകിയിട്ടുണ്ട്. ഇതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നതിന്റെ പ്രധാന കാരണം.
Top