തൃശൂർ: വീടി വയ്ക്കാൻ സ്വന്തം സ്ഥലത്തു നിന്നും മണ്ണു മാറ്റുന്നതിനു അനുവാദം നൽകാൻ ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. തൃശൂർ വാഴാനി ഫോറസ്റ്റ് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മഹേഷ്, ഫോറസ്റ്റർ ഇഗ്നേഷ്യസ് എന്നിവരെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കുണ്ടുകാട് മണലിത്തറ സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വനം വകുപ്പ് പട്ടയം നൽകിയ സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ വീട് വയ്ക്കുന്നതിനു വേണ്ടി മണ്ണ് മാറ്റുന്നതിനു വേണ്ടി ജിയോളജി വകുപ്പിൽ നിന്നും മണ്ണ് മാറ്റുന്നതിനു വേണ്ടി പെർമിറ്റ് എടുത്തു നൽകിയ ശേഷം കരാറുകാരനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, മണ്ണ് മാറ്റാൻ തുടങ്ങിയപ്പോൾ സ്ഥലം ഉടമയോട് ഫോറസ്റ്റ് ഓഫിസർമാരായ മഹേഷും ഇഗ്നേഷ്യസും പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
ഇയാൾ ഈ വിവരം കരാറുകാരനെ അറിയിച്ചു. ഇത് ശരിയാക്കാമെന്ന മറുപടിയാണ് കരാറുകാരിൽ നിന്നും ലഭിച്ചതെന്നു സ്ഥലം ഉടമ പറയുന്നു. കരാറുകാരൻ വനം വകുപ്പ് ഉദ്യോഗസ്ഥരോടു സംസാരിച്ചതിൽ പതിനായിരം രൂപ നൽകിയാൽ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ അനുവാദം നൽകൂ എന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടായിരം രൂപ വീതം രണ്ടു തവണയായി ഇരുവർക്കും സ്ഥലം ഉടമ നൽകുകയും ചെയ്തു.
എന്നാൽ, മുഴുവൻ തുകയും നൽകിയാൽ മാത്രമേ ഈ മണ്ണ് മാറ്റാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. ബാക്കി തുക ബുധനാഴ്ച തന്നെ നൽകണമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. പരാതിക്കാരനായ കരാറുകാരൻ ഈ വിവരം തൃശൂർ വിജിലൻസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി യു.പ്രേമന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് ബാക്കി തുകയായി ആറായിരം രൂപ കരാറുകാരൻ മഹേഷ് , ഇഗ്നേഷ്യസ് എന്നിവർക്കു കൈമാറുന്നതിനിടെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ ഇൻസ്‌പെക്ടർമാരായ ജിംപുൽ സി.ജി, സരീഷ് പി.ആർ, സലിൽകുമാർ കെ.ടി, എ.എസ്‌ഐമാരായ കരുണാകരൻ, ദിനേശൻ, പ്രദീപ്, ഡേവിസ്, ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ സുദീഷ്, സന്ദേശ്, ലിജോ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.