കൊച്ചി: തിരമാലപോലെ ആര്‍ത്തിരമ്പിയ ആരാധകര്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്സിന് ആധികാരിക വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ബാസ്റ്റേഴ്‌സ് ഹാഫില്‍ നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് മനോഹരമായ ഷോട്ടിലൂടെ ഗോളിയെ കമ്പളിപ്പിച്ച പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു.
ഇരുപാദങ്ങളിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം കണ്ട മത്സരത്തിന്റെ തുടക്കം മുതല്‍ അതിഥേയര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യത്താല്‍ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മൂന്നാം മിനിറ്റില്‍ ലീഡ് നേടാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സി.കെ വിനീത് നഷ്ടപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഡല്‍ഹി വല ചലിപ്പിച്ചെങ്കിലും ഹാന്‍ഡ് ബോള്‍ വിസില്‍ ബ്ലാസ്റ്റേഴ്സിന് വിനയായി.
ലീഡ് വഴങ്ങിയ ശേഷം സമനില ഗോളിനായി അല്‍പ്പം ഉണര്‍ന്നു കളിച്ച ഡല്‍ഹിക്ക് 76-ാം മിനിറ്റില്‍ മാഴ്സലീനോയിലൂടെ മികച്ച അവസരം ലഭിച്ചു. എന്നാല്‍ ഹെങ്ബര്‍ട്ട് ഗോള്‍ ലൈന്‍ ഹെഡ്ഡര്‍ സേവിലൂടെ ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തി. അവസാന മിനിറ്റിലും പ്രതിരോധത്തിലേക്ക് മടങ്ങാതെ അതിഥേയര്‍ കൂടുതല്‍ അക്രമിച്ച് കളിച്ചതോടെ അര്‍ഹമായ വിജയം ബ്ലാസ്റ്റേഴ്സ് നേടിയെടുത്തു.
സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. മത്സരത്തിന്റെ ഫൈനല്‍ വിസിലിന് ശേഷം ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങല്‍ ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും കാര്യങ്ങള്‍ നിയന്ത്രണത്തിലായി. വിജയത്തോടെ ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍ ബെര്‍ത്തിനോട് ബ്ലാസ്റ്റേഴ്സ് ഒരുപടി അടുത്തു. ഡിസംബര്‍ 14-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ ലീഡ് നേടിയാല്‍ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.