തിരുവനന്തപുരം: എന്‍ജിനിയറിങ് കോളെജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രധാ പ്രതി ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടസമയത്ത് ജീപ്പ് ഓടിച്ചിരുന്ന ബൈജു കെ ബാലകൃഷ്ണനാണ് പിടിയിലായത്. ശംഖുമുഖം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ബൈജു പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടം നടന്ന ദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം കോളെജിലെ ഓണാഘോഷത്തിനിടെയായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ വാഹനറാലി നടത്തുമ്പോഴാണ് അപകടമുണ്ടായത്. വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മലപ്പുറം സ്വദേശിനി തസ്‌നി ബഷീര്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു തസ്‌നി.
സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ ജീപ്പിന് രേഖകളില്ലായിരുന്നു. ബൈജുവിന്റെ ബന്ധുക്കളെ സ്റ്റേഷനില്‍വിളിച്ചുവരുത്തിയതിനുപിന്നാലെയായിരുന്നു ബൈജു കീഴടങ്ങിയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊടൈക്കനാലിലും മധുരയിലും ബൈജു ഒളിവില്‍ താമസിച്ചിരുന്നു. സംഭവത്തിനുശേഷം ബൈക്കിലാണ് ബൈജു തമിഴ്‌നാട്ടിലേക്ക് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരുലോറിയും രണ്ട് ജീപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.