ദുബായ്: കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഒരു പുതിയ അധ്യായമാണ് ലോകകേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന ലോകകേരള സഭ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമഗ്രമായ ചര്‍ച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക. ദുബായില്‍ ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണല്‍ സമ്മേളനം നടക്കുന്നത്.
നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും. പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കും. നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കും. ഇപ്പോള്‍ ഒമാന്‍ എയര്‍ ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവ് നല്‍കാന്‍ കരാറുണ്ട്. ഖത്തര്‍ എയര്‍ ലൈന്‍സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.