സ്വന്തം ലേഖകൻ
കോട്ടയം: വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയിൽ കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടുകയും ചില സീറ്റുകൾക്ക് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയത്തു ചേരുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിർണായകമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച ഏറ്റുമാനൂർ, പൂഞ്ഞാർ, കുട്ടനാട് സീറ്റുകൾ വിട്ടു നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സീറ്റുകളൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് മാണി. ഇന്നലെ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ലാതെയാണ് മാണി പങ്കെടുത്തത്.
പൂഞ്ഞാറിൽ കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ട പി സി ജോർജും കുട്ടനാട്ടിൽ മത്സരിച്ച ഡോ. കെ സി ജോസഫും ഇപ്പോൾ പാർട്ടിയിലില്ല. ഏറ്റുമാനൂരിൽ തോമസ് ചാഴികാടൻ മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ കെ സുരേഷ് കുറുപ്പിനോടു തോറ്റിരുന്നു. ഈ മൂന്നു സീറ്റുകളും ഇക്കുറി വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്കു മത്സരിക്കാനാണു പൂഞ്ഞാർ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രബല നേതാക്കൾ പാർട്ടി വിട്ടതും കെ എം മാണിക്കു തിരിച്ചടിയായിട്ടുണ്ട്. ഫ്രാൻസിസ് ജോർജ്, ഡോ. കെ സി ജോസഫ്, ആന്റണി രാജു എന്നീ പ്രമുഖരാണ് മാണിയുടെയും മകൻ ജോസ് കെ മാണിയുടെയും തൻപ്രമാണിത്തത്തിൽ മടുത്ത് മുന്നണി വിട്ടത്. ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണെന്ന് ഇവർ സിപിഐഎം നേതൃത്വത്തെ അറിയിച്ചിരുന്നു.