![](https://dailyindianherald.com/wp-content/uploads/2016/02/jose.jpg)
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ മുന്നണി വിടുമെന്ന ഭീഷണിയുമായി മന്ത്രി കെ.എം മാണി. കേരള കോൺഗ്രസിലെ കെ.എം മാണി – പി.ജെ ജോസഫ് വിഭാഗത്തിലെ ഭിന്നിപ്പിനു കാരണം ഉമ്മൻചാണ്ടിയാണെന്ന് ആരോപിച്ചാണ് ഇപ്പോൾ മാണി മുന്നണി വിടാൻ തയ്യാറെടുക്കുന്നത്. റബർ സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയ കെ.എം മാണി, അമിത്ഷായുമായി ഫോണിലും ബിജെപി ദൂതൻമാരുമായി നേരിട്ടും ചർച്ച നടത്തിയതായി സൂചനയുണ്ട്.
സീറ്റ് വിഭജനത്തിൽ കെ.എം മാണി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം പിളർപ്പിലേയ്‌ക്കെന്ന തീരുമാനത്തിൽ എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മുന്നണിയിൽ മറ്റൊരു പാർട്ടിയായി തുടരുന്നതിനു തങ്ങളെ അനുവദിക്കണമെന്ന ആവശ്യവും ജോസഫ് വിഭാഗം മാണിക്കു മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ഇനിയും അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കാൻ തയ്യാറായിട്ടില്ല. കേരള കോൺഗ്രസുകളിൽ പിളർപ്പ് അനിവാര്യമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മാണി യുഡിഎഫിനെതിരെ രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് സൂചനകൾ.
ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിൽ പ്രത്യേക കക്ഷിയായി നിലനിർത്തണമെന്ന ആവശ്യമാണ് പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിനുള്ളിൽ നിലനിർത്തിയാൽ താൻ മുന്നണി വിടുമെന്ന ഭീഷണി ഉയർത്തി ഇതിനെ പ്രതിരോധിക്കുകയാണ് ഇപ്പോൾ മാണി. റബർ സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയ കെ.എം മാണിയും, മകൻ ജോസ് കെ.മാണിയും അമിത്ഷായുടെ ബിജെപി ദൂതൻമാരുമായി ചർച്ച നടത്തിയിരുന്നു. രാത്രി വൈകി അമിത്ഷായെ നേരിൽക്കണ്ട് ചർച്ച നടത്തിയതായി സൂചനയുണ്ടെങ്കിലും ഇതു സംബന്ധിച്ചു കൃത്യമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. റബർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും പിൻതുണ ഉറപ്പാക്കുന്നതിനൊപ്പം യുഡിഎഫിനെ സമ്മർദത്തിലാക്കുക കൂടിയാണ് ഇപ്പോൾ കെ.എം മാണിയുടെ ലക്ഷ്യമെന്നാണ് സൂചന.
എന്നാൽ, ജോസഫ് വിഭാഗത്തെ യുഡിഎഫിന്റെ ഭാഗകമാക്കാതിരിക്കുന്നതിനുള്ള സമ്മർദങ്ങൾ ഇതിനോടകം തന്നെ കെ.എം ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. ജോസഫിനെ യുഡിഎഫിന്റെ ഭാഗമാക്കി നിലനിർത്തിയാൽ ഇതിനെ എതിർക്കുമെന്നും തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു കെ.എം മാണി ഉമ്മൻചാണ്ടിയെ അറിയിച്ചിട്ടുണ്ട്.