ജോണി നെല്ലൂർ ജനാധിപത്യ കേരള കോൺഗ്രസിലേയ്ക്ക്; ലക്ഷ്യം ഇടതു മുന്നണി: ഫ്രാൻസിസ് ജോർജുമായി ചർച്ച നടത്തി

സ്വന്തം ലേഖകൻ

കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ഉപേക്ഷിച്ചു പാർട്ടി ചെയർമാൻ ജോണി നെല്ലൂരും സംഘവും ജനാധിപത്യ കേരള കോൺഗ്രസിലേയ്‌ക്കെന്നു റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് ജോർജ്, ആന്റണി രാജു എന്നിവരുമായി ഇന്നു പുലർച്ചെ ജോണി നെല്ലൂർ ചർച്ച നടത്തിയിട്ടുണ്ട്. അങ്കമാലി സീറ്റ് തരാതെ യുഡിഎഫ് ചതിച്ചതായി ആരോപിച്ച ജോണി നെല്ലൂർ, ഇടതു മുന്നണിയോടെ അയിത്തമൊന്നുമില്ലെന്നും പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് ജോണി നെല്ലൂർ ആരോപിച്ചു. ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ചതിയാണ് കോൺഗ്രസ് കാണിച്ചതെന്നും ജോണി നെല്ലൂർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പിറവം സീറ്റ് മാത്രമാണ് കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് നൽകിയത്. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

പാർട്ടിയെ ഇല്ലാതാക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ട്. അപമാനിതനായെന്ന് കരുതി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ല. പാർട്ടിയെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. അങ്കമാലി സീറ്റ് നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. നാല് സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടിയാണ്. യുഡിഎഫിനെതിരെയും മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ യുഡിഎഫിനും മന്ത്രിമാർക്കും വേണ്ടി ശക്തമായി പോരാടിച്ച ആളാണ് താനെന്നും ജോണി നെല്ലൂർ പറഞ്ഞു.

യുഡിഎഫിന് വേണ്ടി ഇക്കാലമത്രയും ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയെന്ന നിലയിൽ യുഡിഎഫ് കാണിക്കുന്ന അനീതി എത്ര വലുതാണെന്ന് ജനങ്ങളും മാധ്യമങ്ങളും ചർച്ച ചെയ്യട്ടേ. വൈകിട്ടത്തെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും പാർട്ടി എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് നടന്ന നിർണ്ണയാക കൂടിക്കാഴ്ചയിൽ സീറ്റ് നൽകുന്നതിലെ ബുദ്ധിമുട്ട് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ ജോണി നെല്ലൂരിനെ അറിയിച്ചിരുന്നു. പകരം മൂവാറ്റുപുഴ സീറ്റെന്ന ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യവും കോൺഗ്രസ് തള്ളി. കടുത്ത നിരാശയുണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞപ്പോൾ, സീറ്റ് നൽകുന്നതിലെ ബുദ്ധിമുട്ടുകൾ ജോണിനെല്ലൂരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം.
അനൂപ് ജേക്കബ് അടക്കമുള്ളവരുമായി കൂടിയാലോചനകൾ നടത്തി ഇന്ന് ഭാവി നിലപാട് ജോണി നെല്ലൂർ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Top