
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാംപിൽ നിന്നും വോട്ട് ചോർന്നത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റേത് എന്നു സൂചന. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഏക എംഎൽഎയായ അനൂപ് ജേക്കബ് മുന്നണി വിട്ടേക്കുമെന്ന സൂചനയാണ് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഎം നേതാക്കൾ നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൺസ്യൂമർഫെഡിലും സിവിൽ സപ്ലൈസിലുമുണ്ടായ അഴിമതിക്കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സിപിഎം അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തുന്നത്. ഇതേ തുടർന്നു സ്പീക്കർ തിരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് സിപിഎം സ്ഥാനാർഥിക്കു വോട്ടു ചെയ്യുകയായിരുന്നു എന്ന സൂചയാണ് ലഭിക്കുന്നത്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിലവിൽ ഏക എംഎൽഎമാത്രമാണ് ഉള്ളത്. കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു യുഡിഎഫ് വിടുമെന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ, അനൂപ് ജേക്കബ് ഇടപെട്ടാണ് ഇദ്ദേഹത്തെ മുന്നണി വിടുന്നതിൽ നിന്നു തടഞ്ഞു നിർത്തിയത്. എന്നാൽ, ഇടതു മുന്നണി അധികാരത്തിൽ എത്തിയ ശേഷം ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട ഫയലുകളിൽ ഒന്ന് സിവിൽ സപ്ലൈസ് വിഭാഗവുമായി ബന്ധപ്പെട്ടതായിരുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഏറെ പഴി കേൾക്കുകയും ചെയ്തിരുന്നു. ഈ വിശദാംശങ്ങളെല്ലാം പിണറായി വിജയൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസിനു കൈമാറിയശേഷം അന്വേഷണം നടത്താൻ കർശന നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്പീക്കർ തിരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തിരിക്കുന്നത്. അനൂപ് ജേക്കബ് മുന്നണി വിട്ടു പുറത്തു വരുന്നതിനുള്ള സമ്മർദ തന്ത്രമായാണ് ഇപ്പോൾ കേരള കോൺഗ്രസിനെതിരായ കേസുകൾ പിണറായി വിജയൻ വിജിലൻസിനു കൈമാറിയിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
അതേസമയം, നിയമസഭയിൽ ആദ്യഅവസരത്തിൽതന്നെ ബി.ജെ.പി. ഇടതുമുന്നണിക്കു വോട്ട് ചെയ്തതു സംബന്ധിച്ചു വിവാദങ്ങൾക്കും തുടക്കമായി. വോട്ട് ചെയ്യുന്നതിനെക്കുറിച്ചു ബി.ജെ.പി. നേതൃത്വം പ്രത്യേകനിർദേശം നൽകിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ രാജഗോപാൽതന്നെ വിശദീകരണവുമായി രംഗത്തെത്തി. തമ്മിൽഭേദം എന്ന നിലയിലാണു ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതെന്ന് അദ്ദേഹം പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ വ്യക്തമാക്കി. യു.ഡി.എഫിനു തന്റെ സഹായം വേണ്ടെന്നു പറഞ്ഞ സാഹചര്യത്തിലാണ് ഇടതുമുന്നണിക്കു വോട്ട് ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു.
ബി.ജെ.പിയുടെ ഏകഅംഗം എൽ.ഡി.എഫിനു മനഃസാക്ഷി വോട്ട് ചെയ്തപ്പോൾ മൂന്നു മുന്നണികളിലുമില്ലാത്ത പി.സി. ജോർജ് വോട്ട് അസാധുവാക്കി. സ്വന്തം പാളയത്തിൽനിന്ന് ഒരു വോട്ട് ഇടതുപക്ഷത്തേക്കു ചോർന്നത് യു.ഡി.എഫ്. നേതൃത്വത്തെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പിനു നേതൃത്വം നൽകിയ പ്രോടെം സ്പീക്കർ എസ്. ശർമ വോട്ട് ചെയ്തില്ല. വിജയിയായി പ്രഖ്യാപിക്കപ്പെട്ട ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെ കക്ഷിനേതാക്കൾ പുതിയ സ്പീക്കറെ അഭിനന്ദിച്ചു.
എസ്. ശർമയൊഴികെ സഭയിൽ ഹാജരായ 139 പേരും വോട്ട് ചെയ്തു. സഭയിൽ 91 പേരുടെ അംഗബലമുള്ള ഇടതുമുന്നണി സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമായിരുന്നു. പ്രോടെം സ്പീക്കർ വിട്ടുനിന്നപ്പോൾ ബി.ജെ.പിയുടെ ഒരു വോട്ടും യു.ഡി.എഫിൽനിന്നു ചോർന്ന ഒരു വോട്ടും എൽ.ഡി.എഫിനു ബോണസായി. പി.സി. ജോർജ് വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് അസാധുവാക്കി പെട്ടിയിലിട്ടു.
വോട്ട് ചോർച്ച യു.ഡി.എഫ്. ഗൗരവമായെടുത്തിട്ടുണ്ടെങ്കിലും പുതിയ അംഗങ്ങളിലാർക്കോ സംഭവിച്ച കൈപ്പിഴയാകാമെന്നാണു പ്രാഥമികനിഗമനം. എന്നാൽ, വിപ്പ് ലംഘനം വിശദമായി പരിശോധിക്കാനാണു മുന്നണി നേതൃത്വത്തിന്റെ തീരുമാനം. പുത്തരിയിൽ തന്നെ കല്ലുകടിച്ച അവസ്ഥ മറയ്ക്കാൻ ഇടതുമുന്നണിക്കെതിരേ ബി.ജെ.പി. വോട്ട് ആയുധമാക്കാനാണു യു.ഡി.എഫ്. നീക്കം. തങ്ങൾ മുമ്പാരോപിച്ചതുപോലെ എൽ.ഡി.എഫും ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവം ഇതോടെ തെളിഞ്ഞെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വോട്ട് നഷ്ടം
യു.ഡി.എഫ്. നിയമസഭാകക്ഷി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നും സഭയിൽ ബി.ജെ.പിയുടെ പിന്തുണ തേടില്ല. യു.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ മത്സരിച്ചെന്നതു മാത്രമാണു പി.സി. ജോർജിനോടുള്ള എതിർപ്പിനു കാരണം. യു.ഡി.എഫിൽനിന്നു ശ്രീരാമകൃഷ്ണനു വോട്ട് ചോർന്നതു മനഃപൂർവമാകാൻ സാധ്യതയില്ല. ആദ്യമായി വോട്ട് ചെയ്തതിന്റെ പരിചയക്കുറവാകാം കാരണം. എന്തായാലും സംഭവം അന്വേഷിക്കുംരമേശ് പറഞ്ഞു. വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി വി.പി. സജീന്ദ്രന്റെ പ്രതികരണം.
തന്റെ വോട്ട് വേണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതുകൊണ്ടാണു സുഹൃത്തായ ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതെന്നു രാജഗോപാൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ പാർട്ടി നിർദേശമൊന്നും ഉണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവിനു വിഷമമുണ്ടാകാതിരിക്കാനാണു യു.ഡി.എഫ്. സ്ഥാനാർഥിക്കു വോട്ട് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. തകർച്ചയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണു സ്പീക്കർ തെരഞ്ഞെടുപ്പുഫലമെന്നു പി.സി. ജോർജ് പറഞ്ഞു. ആരുടെ വോട്ടാണു ചോർന്നതെന്നു തനിക്കറിയില്ല. രണ്ടു മുന്നണികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടാണു താൻ സഭയിലെത്തിയത്. അതിനാലാണു വോട്ട് അസാധുവാക്കിയത്. രാജഗോപാൽ ഇടതുമുന്നണിക്കു വോട്ട് ചെയ്തത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അവരുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും ജോർജ് ആരോപിച്ചു.