
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ബാർ കോഴക്കേസിനെയും, തിരഞ്ഞെടുപ്പിലെ കാലുവാരലിനെയും ചൊല്ലി മുന്നണി വിടുമെന്ന ഭീഷണി മുഴക്കുന്ന കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നു സൂചന. ബാർ കോഴക്കേസ് ഗുരുതരമാക്കിയതിനു പിന്നിൽ രമേശ് ചെന്നിത്തലയാണെന്നാണ് കേരള കോൺഗ്രസ് വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ രമേശിനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു മാ്റ്റണമെന്നാവും കേരള കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെടുക. ഇതോടൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക്കായും ഇരിക്കും.
ബാർകോഴക്കേസിലെ കളികൾ തുടങ്ങി വച്ചതിനു പിന്നിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണെന്നു കേരള കോൺഗ്രസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നെങ്കിലും സംഭവം വഷളാക്കിയത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണെന്നു നേരത്തെ തന്നെ കേരള കോൺഗ്രസും കെ.എം മാണിയും പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ സംഘം പ്രത്യേക സമ്മർദന തന്ത്രങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല കേരള കോൺഗ്രസിന്റെ സമ്മർദ തന്ത്രം. പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനൊപ്പം യുഡിഎഫിനു മേൽ നിരന്തരം വിമർശനം ഉയർത്തി പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനും മാണി ഗ്രൂപ്പ് തയ്യാറെടുക്കുന്നുണ്ട്. ഇതോടൊപ്പം രമേശിനെതിരെ ഒളിയുദ്ധത്തി കോൺഗ്രസിലെ ഉമ്മൻചാണ്ടി വിഭാഗത്തിന്റെ പിൻതുണയും മാണി ഗ്രൂപ്പ് നേടിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു പരാജയത്തിന്റെ കുറ്റം പൂർണമായും സുധീരനിലും രമേശിലും എത്തിക്കുന്നതിനുള്ള ഉമ്മൻചാണ്ടിയുടെ തന്ത്രമാണ് ഇപ്പോൾ കേരള കോൺഗ്രസിലൂടെ പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ പൂർണ പിൻതുണ ഉമ്മൻചാണ്ടിയ്ക്കു തന്നെയാണ്.
ഇതിനിടെ ബിജെപി നേതൃത്വം കേരള കോൺഗ്രസിനെ എൻഡിഎ ക്യാംപിൽ എത്തിക്കാനുള്ള നീക്കം ശക്തമായി ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേരള കോൺഗ്രസിലെ പി.സി തോമസ് വിഭാഗത്തോടൊപ്പം ചേർന്ന് മാണി ഗ്രൂപ്പുമായി ചർച്ച നടത്തുന്നതിനും ബിജെപി നടപടികൾ നീക്കിയിട്ടുണ്ട്. എന്നാൽ, കേരള കോൺഗ്രസിന്റെ ശക്തി ശ്രോതസുകളായ ക്രൈസ്തവ സഭകളുടെ പിൻതുണ ലഭിക്കാത്തതിനാൽ ബിജെപിയുമായി കൂട്ടു കൂടുന്ന കാര്യത്തിൽ ഇനിയും കേരള കോൺഗ്രസ് അന്തിമ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ല.