
സ്വന്തം ലേഖകൻ
കോട്ടയം: യുഡിഎഫ് മുന്നണി വിട്ട സാഹചര്യത്തിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകി. പാർട്ടിയുടെ നിയമസഭാ കക്ഷി സെക്രട്ടറി മോൻസ് ജോസഫ്, ചീഫ് വിപ്പ് റോഫി അഗസ്റ്റിൻ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ബാർ കോഴ അടക്കമുള്ള വിഷയങ്ങളിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങളുടെ തുടർച്ചയായാണ് രണ്ടു മാസം മുൻപ് പാർട്ടി യുഡിഎഫ് മുന്നണി വിട്ടത്. ചരൽക്കുന്നിൽ ചേർന്ന കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിലാണ് പാർട്ടി മുന്നണി വിടാനും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനും തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേരള കോൺഗ്രസ് എം നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുന്നതിനു അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കു കത്തു നൽകിയിരിക്കുന്നത്. 26 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മുതൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള ആവശ്യം. സ്പീക്കർക്ക് ഇതു സംബന്ധിച്ചു കത്ത് നൽകിയതിലൂടെ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കുന്നതിനാണ് കേരള കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേരള കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാളി.
നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എം സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചു കഴിഞ്ഞ ദിവസം പാർട്ടി ചെയർമാൻ കെ.എം മാണിയുടെ അധ്യക്ഷതയിൽ എംഎൽഎമാരുടെയും, എംപിമാരുടെയും യോഗം ചേർന്നിരുന്നു. ഈ ചർച്ചകളിൽ ഇടതു മുന്നണി സർക്കാരിനു അനൂകൂലമായ നിലപാടാണ് കേരള കോൺഗ്രസ് എം സ്വീകരിക്കേണ്ടതെന്ന വികാരമാണ് ഉയർന്നു വന്നത്. കെ.എം മാണിക്കെതിരായ കേസുകളിൽ നിയമപരമായി നേരിടാനും യോഗത്തിൽ തീരുമാനം ഉണ്ടായിട്ടുണ്ട്.
കോട്ടയം: പാർട്ടി ചെയർമാൻ കെ.എം മാണിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ വിശദാംശങ്ങളും തുടർ സമര പരിപാടികളെപ്പറ്റി ചർച്ച നടത്തുന്നതിനുമായി കേരള കോൺഗ്രസ് എം ഹൈപ്പവർ കമ്മിറ്റിയുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം 28 നു വൈകിട്ട് നാലരയ്ക്കു തിരുവനന്തപുരത്ത് ചേരും.