കേരള കോണ്‍ഗ്രസില്‍ കലാപം; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.ജെ ജോസഫ്; മാണിയ്ക്ക് യൂദാസിന്റെ അനുഭവമെന്ന് ഹസന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലുണ്ടായ പുതിയ സംഭവ വികാസങ്ങള്‍ പിളര്‍പ്പിലേയ്ക്ക് കാര്യങ്ങള്‍ നീക്കുന്നു.കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സിപിഐഎം പിന്തുണയോടെ ജില്ലാ പ്രസിഡന്റായതില്‍ പരസ്യപ്രതിഷേധമറിയിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് രംഗത്തെത്തി.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായരാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് പി.ജെ ജോസഫിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാദേശിക തലത്തിലുണ്ടായ തീരുമാനമെന്നാണ് മാണിയുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് കൂടി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിപിഐഎം പിന്തുണ സംബന്ധിച്ച കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാവുകയാണ്.

ഇന്നലെ ജോസഫ് വിഭാഗത്തിലെ എംഎല്‍എയും നേതാവുമായ മോന്‍സ് ജോസഫും എതിര്‍പ്പറിയിച്ചിരുന്നു. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് കെ.എം മാണിയെ വിമര്‍ശിച്ചതില്‍ തെറ്റില്ല.

എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണ ഉണ്ടായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ അഗസ്തിയും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ സിപിഐഎം സഹകരണത്തില്‍ അതൃപ്തിയെ തുടര്‍ന്നാണ് അഗസ്തിയുടെ രാജി എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അഗസ്തിയുടെ വിശദീകരണം. രാജി കത്ത് നേരത്തെ തന്നെ പാര്‍ട്ടി ചെയര്‍മാന് കൈമാറിയിരുന്നുവെന്നും മാണിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎം പിന്തുണയോടെയാണ് കോണ്‍ഗ്രസിനെ തളളിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്. എട്ടിനെതിരെ 12 വോട്ടുകള്‍ നേടിയാണ് സക്കറിയ വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഐഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാര്‍ മാണി വിഭാഗം ലംഘിച്ചതില്‍ കോണ്‍ഗ്രസിലും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയട്ടുണ്ട്.

രാഷ്ട്രീയ വഞ്ചന കാണിച്ച കെ എം മാണിയേയും മകന്‍ ജോസ് കെ മാണിയേയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമാണെന്ന് കെപിസിസി താല്‍ക്കാലിക പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ഇവരുടെ രാഷ്ട്രീയ വഞ്ചന കേരളം പൊറുക്കില്ല. യുഡിഎഫിന്റെ ഭാഗമായി നിന്നുകൊണ്ട് നേടിയ സ്ഥാനമാനങ്ങളില്‍ ഇനിയവര്‍ തുടരുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ഹസന്‍ ചോദിച്ചു.

ദേവദാസിയെ പോലെ ആര്‍ക്കുമുന്നിലും ആടാനും പാടാനുമുള്ള കഴിവ് കെ എം മാണിക്കേ ഉള്ളൂവെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീഷണം വിമര്‍ശിച്ചു.

Top