കേരള കോൺഗ്രസ് – സിപിഎം ബാന്ധവം വീണ്ടും: ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനു വീണ്ടും നഷ്ടം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസിനു സിപിഎം പിൻതുണ. സിപിഎം പിൻതുണയോടെ കേരള കോൺഗ്രസ് അംഹമായ സെബാസ്റ്റിയൻ കുളത്തിങ്കലാണ് വിജയിച്ചത്. സിപിഎം ബാന്ധവത്തെ എതിർത്തു നിന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള നേതാവിനെയാണ് കേരള കോൺഗ്രസ് വികസനകാര്യ സ്ഥിരം സമിതിയിലേയ്ക്കു മത്സരിപ്പിച്ചത്. സിപിഐ അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നപ്പോൾ, പി.സി ജോർജിന്റെ ജനപക്ഷ മുന്നണി അംഗം വോട്ടെടുപ്പ് അസാധുവാക്കി.
കോൺഗ്രസിലെ മുൻ ധാരണ പ്രകാരം യുഡിഎഫിലെ ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് കേരള കോൺഗ്രസ് സിപിഎം ബാന്ധവത്തിനു ജില്ലാ പഞ്ചയാത്തിൽ കളമൊരുങ്ങിയത്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായിരുന്ന ധാരണ ലംഘി്ച്ച് കേരള കോൺഗ്രസ് സഖറിയാസ് കുതിരവേലിയെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കുകയായിരുന്നു. ഈ സ്ഥാനാർഥിയെ സിപിഎം കൂടി പിൻതുണച്ചതോടെ കോൺഗ്രസിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
ഇന്നലെ വികസന കാര്യ സ്ഥിരം സമിതിയിലേയ്ക്കു നട്ന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നു മത്സരിച്ച സെബാസ്റ്റ്യൻ കുളത്തിങ്കലിനു പന്ത്രണ്ടു വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസിലെ ലിസമ്മ ബേബിയ്ക്കു എട്ടു വോട്ടാണ് ലഭിച്ചത്. സിപിഐ അംഗം പി.സുഗതൻ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നപ്പോൾ പി.സി ജോർജിന്റെ ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കി.
കോൺഗ്രസ് എട്ട്, കേരളാ കോൺഗ്രസ് ആറ് , സിപിഎം ആറ്, സിപിഐ ഒന്ന്, ജനപക്ഷം ഒന്ന് എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ കക്ഷിനില. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് സമിതിയിലേയ്ക്കു ഒഴിവു വന്നത്. തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ലിസമ്മ ബേബി പൊതുമരാമത്ത് സ്ഥിരം സമിതി അംഗമായി. ഇരു സമിതികളുടെയും അധ്യക്ഷ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

Top