കോട്ടയം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവച്ചതിനെ തുടര്‍ന്നു പുതിയ മന്ത്രിയെ സര്‍ക്കാരില്‍ നിര്‍ദേശിക്കേണ്ടെന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍ ബാബുവിനും കെ.എം മാണിക്കും ഇരട്ടനീതിയാണെന്ന വിവാദവും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി കുറ്റപ്പെടുത്തിയിട്ടുണ്ട്.
കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് യോഗത്തില്‍ മാണി പറഞ്ഞു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍, ജോസഫ് വിഭാഗം യോഗത്തില്‍ മൗനം പാലിച്ചുവെന്നാണ് ലഭ്യമായ വിവരം.
എന്നാല്‍, സിഎഫ് തോമസിന്റെ പേരാണ് മന്ത്രി സ്ഥാനത്തിനു വേണ്ടി ആദ്യം മുന്നോട്ടു വച്ചത്. എന്നാല്‍, എന്‍.ജയരാജിന്റെ പേരും, ഒരു വിഭാഗം മുന്നോട്ടു വച്ചതോടെ ഇരുവിഭാഗം തര്‍ക്കമുണ്ടായി. തോമസ് ഉണ്ണിയാടന്റെ പേരും ഒത്തു തീര്‍പ്പ് സ്ഥാനാര്‍ഥിയായി മുന്നോട്ടു വച്ചിരുന്നു. ഇതും തര്‍ക്കത്തിനു ഇടയാക്കി. ഇതേ തുടര്‍ന്നാണ് മന്ത്രി സ്ഥാനം വേണ്ടെന്ന നിര്‍ദേശവുമായി കേരള കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.