സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എൻഡിഎ ഭരണ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് പാർട്ടികളുടെ ഏകീകരണത്തിനുള്ള ശ്രമം കെ.എം മാണിയും മകൻ ജോസ് കെ.മാണിയും ചേർന്ന് ആരംഭിച്ചു. ഇതേ തുടർന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസും, ഇപ്പോൾ ബിജെപിയുടെ ഭാഗമായി കേരള കോൺഗ്രസ് നേതാവ് നോബിൾ മാത്യുവും കേരള കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചു. പി.സി ജോർജ് ഒഴികെയുള്ള മറ്റു കേരള കോൺ്ഗ്രസുകളെയെല്ലാം ഒറ്റ പാർട്ടിയാക്കി മാറ്റി കേരള ഭരണം പിടിച്ചെടുക്കുകയാണ് ഇപ്പോൾ കേരള കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനു സർവ പിൻതുണയുമായി എൻഡിഎ – ബിജെപി – ആർഎസ്എസ് സഖ്യവും രംഗത്തുണ്ട്.
അടുത്ത പാർലമെന്റി തിരഞ്ഞെടുപ്പിനു മുൻപ് കേരളത്തിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നത്. ഇപ്പോൾ സ്വതന്ത്രരായി നിൽക്കുന്ന കെ.എം മാണിയുടെ കേരള കോൺഗ്രസിൽ പി.ജെ ജോസഫും മറ്റു ചെറുകിട കേരള കോൺഗ്രസുകളുമാണ് ഉള്ളത്. യുഡിഎഫ് മുന്നണിയുടെ ഭാഗമായി ടി.എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബും, ജോണി നെല്ലൂരും നേതൃത്വം നൽകുന്ന കേരള കോൺഗ്രസുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായി സ്‌കറിയ തോമസും, ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസുമുണ്ട്. ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാറും നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ബി.യാണ് ഇടതു മുന്നണിയുടെ വരമ്പത്തു നിൽക്കുന്ന മറ്റൊരു കേരള കോൺഗ്രസ്. ഈ കേരള കോൺഗ്രസുകളെയെല്ലാം ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ എത്തിച്ച ശേഷം എൻഡിഎയുടെ ഭാഗമാകുന്നതിനാണ് ഇപ്പോൾ കെ.എം മാണി ആഗ്രഹിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിച്ചാൽ മകൻ ജോസ് കെ.മാണിയെ നേരിടാൻ ഇടതു വലതു മുന്നണികൾ ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്നു കെ.എം മാണി ഭയക്കുന്നു. ഇതേ തുടർന്നാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു കേരള കോൺഗ്രസിന്റെ പുതിയ ഐക്യമുണ്ടാക്കി എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ശ്രമിക്കുന്നത്. കേരളത്തിൽ ഏതു വിധേനയും ഭരണം നേടാൻ ആഗ്രഹിക്കുന്ന ബിജെപി സഖ്യമാകട്ടെ അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തിച്ചു കേരളത്തിലെ തന്ത്രങ്ങൾ ഉറപ്പിക്കുകയും ചെയ്യും.