കോട്ടയം: രണ്ട് സീറ്റ് അവകാശവാദവുമായി എത്തിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗമിപ്പോള് രണ്ടാകുന്ന അവസ്ഥിയിലേക്ക് എത്തിനില്‍ക്കുകയാണ്. മാണിയെയും മാണിയുടെ മകനേയും ഒന്നു പേടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ആശിര്‍വാദത്തോടെയാണ് രണ്ട് സീറ്റ് നാടകവുമായി പി ജെ ജോസഫെത്തിയത്. എന്നാല്‍ കളി കാര്യമായതോടെ കോട്ടയം സീറ്റില്‍ പിജെ ജോസഫ് പിടിമുറുക്കി. തന്ത്രപൂര്‍വ്വം ജോസഫിനെ വെട്ടിയതോടെ മാണി കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായി. കേരള കോണ്‍ഗ്രസിലെ വിള്ളല്‍ യുഡിഎഫിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസ് പാളയത്തിലും ആശങ്ക തുടങ്ങി. എക്കാലവും ഉറച്ച സീറ്റായ കോട്ടയത്തെ മാണിയുടെ സ്ഥാനാര്‍ത്ഥിയെ ജോസഫ് വിഭാഗം കാലുവാരുമോ എന്ന ആശങ്കയ്ക്കൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും പണികിട്ടുമെന്ന ആശങ്കയും നേതാക്കളെ അലട്ടുകയാണ്.
കേരളാ കോണ്‍ഗ്രിസിന് അനുവദിച്ച ഒരു സീറ്റില്‍ താന്‍ മത്സരിക്കുമെന്ന കാര്യം പിജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തെ ഒഴിവാക്കി കെഎം മാണി തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജോസഫ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാട് മാണിയും സ്വീകരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലുമായി.
കേരളാ കോണ്‍ഗ്രസിനകത്തെ പ്രതിസന്ധി കോട്ടയത്ത് മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറി മുന്‍കൂട്ടികണ്ടാണ് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇടതുമുന്നണി ഇറക്കിയത്. പി എന്‍ വാസവന് പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ മണ്ഡലം നഷ്ടപ്പെടുമെന്ന ആശങ്കകള്‍ കേരളാ കോണ്‍ഗ്ര്സ അണികളിലും ഉണ്ട്. മാണിയെ പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് അണികളും രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയാല്‍ ഇടതുമുന്നണിയുടെ വിജയം അനായാസമാകും
കോട്ടയത്തിന് പുറമെ സമീപ മണ്ഡലങ്ങളായ ഇടുക്കിയിലും പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസിനകത്തെ തര്‍ക്കം മുന്നണിയുടെ വിജയത്തെ ബാധിക്കും. കോട്ടയത്ത് എന്നപോലെ പത്തനംതിട്ടയിലും ഇടുക്കിയിലും കരുത്തരയാ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ് എംഎല്‍എയും ഇടുക്കിയില്‍ നിലവിലെ എംപി ജോയ്സ് ജോര്‍ജ്ജുമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. ഇവിടെയും മത്സരം കനക്കുമെന്ന് ഉറപ്പാണ്. ഈ മണ്ഡലങ്ങളിലൊക്കെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് കാര്യമായ വേരോട്ടമുണ്ട്. പരസ്പരം പണിയാല് ഇരുകൂട്ടരും രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ ഉറപ്പായ മണ്ഡലങ്ങള്‍ നഷ്ടപ്പെടും.
പിജെ ജോസഫിനെ പിണക്കാതെ മുന്നോട്ട് പോകാനുള്ള അടവുകളാണ് അവസാനമായി കോണ്‍ഗ്രസ് നോക്കുന്നത് ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനാക്കി മത്സരിപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. മാണി കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പാക്കി പി ജെ ജോസഫ് വിഭാഗം നേതാക്കള്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് രാജിവച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിര്‍ണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം കാലുവാരി സീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വന്‍ തിരിച്ചടിയായി മാറും.