കേരള രാഷ്ട്രീയത്തെ ഡൽഹിയിൽ നിന്നു നിയന്ത്രിക്കാൻ കുഞ്ഞാപ്പ; വേങ്ങരയിൽ വിശ്വസ്തൻ എംഎൽഎയാകും

രാഷ്ട്രീയ ലേഖകൻ

മലപ്പുറം: ലോക്‌സഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കേരള രാഷ്ട്രീയത്തിലെ കുഞ്ഞാലിക്കൂട്ടിയുടെ അടുത്ത നീക്കം എന്താകുമെന്ന ആകാംഷയോടെ സംസ്ഥാന രാഷ്ട്രീയം. രാഷ്ട്രീയ നേതൃത്വത്തിലെ അതുല്യ പ്രതിഭയായിരുന്നിട്ടും ഇ.അഹമ്മദ് കേരള കാര്യങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ലീഗിന്റെ സംസ്ഥാന നേതൃത്വം പികെ കുഞ്ഞാലിക്കുട്ടിയുടെ കൈയിലെത്തിയതോടെ അഹമ്മദ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നു. ഇപ്പോൾ അഹമ്മദിന് പകരക്കാരനായി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് വിജയിച്ചു. അതായതാ കുഞ്ഞാപ്പ ഡൽഹിക്ക് വണ്ടികയറുകയാണ്. അഹമ്മദിനെ പോലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് കുഞ്ഞാലിക്കുട്ടി അകലം പാലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ഇല്ലെയന്ന് തന്നെയാകും കേരള രാഷ്ട്രീയം ഒന്നാകെ ഉത്തരം പറയുക.
യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സേവനം കൂടിയേ തീരൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് കോൺഗ്രസ് കേരളത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി പരമാവധി വോട്ടുകൾ നേടണം. ഇതിനുള്ള ചാണക്യതന്ത്രങ്ങൾ കുഞ്ഞാലിക്കുട്ടി തന്നെ ഒരുക്കണമെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താൻ കരുക്കൾ നീക്കുന്ന ഉമ്മൻ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിയുടെ സഹായങ്ങൾ ആവോളം വേണം. അതുകൊണ്ട് കൂടിയാണ് ലോക്സഭാ അംഗമായാലും കേരളത്തിന് കുഞ്ഞാലിക്കുട്ടിയെ വേണമെന്ന് പാണക്കാട് തങ്ങളോട് ഇതിനോടകം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതും. തന്റെ പ്രചരണത്തിന് കെ എം മാണിയെ എത്തിച്ചും കൗശലം കാട്ടിയ കുഞ്ഞാലിക്കുട്ടി അടുത്ത തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ശക്തമാക്കാൻ തന്റെ സാന്നിധ്യം അനിവാര്യതയാണെന്ന് തെളിയിച്ചു കഴിഞ്ഞു. മാണിയെ യുഡിഎഫിലേക്ക് വീണ്ടുമെത്തിക്കുകയെന്ന ദൗത്യവുമായി യുഡിഎഫിനെ വീണ്ടും ശക്തമാക്കുക കുഞ്ഞാലിക്കുട്ടിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ലീഗ് രാഷ്ട്രീയത്തിലെ മേധാവിത്വവും കുഞ്ഞാലിക്കുട്ടി കൈവിടില്ല. ഡൽഹിയിലെരുന്ന് സംസ്ഥാനത്തെ ലീഗ് രാഷ്ട്രീയത്തെ റിമോർട്ട് കൺട്രോളിലൂടെ കുഞ്ഞാലിക്കുട്ടി നയിക്കും.
മുസ്ലിംലീഗിന്റെ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ അഹമ്മദ് പക്ഷവും ഇടിയും ഒരുമിച്ചിരുന്നു. അങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ നീക്കം പൊളിയുകയും ചെയ്തു. മജീദിനെ രാജ്യസഭാ അംഗമാക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. എന്നാൽ അഹമ്മദിന്റെ പിടിവാശി മൂലം ഈ എംപി സ്ഥാനം നിലനിർത്തിയത് പിവി അബ്ദുൾ വഹാബും. ഇത് കുഞ്ഞാലിക്കുട്ടിക്ക് വലിയ തരിച്ചടിയായിരുന്നു. അതിന് ശേഷം വളരെ കരുതലോടെയാണ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയത്. അഹമ്മദിന് പകരം ഇടി ഡൽഹിയിൽ ശക്തി കേന്ദ്രമാകുന്നത് കുഞ്ഞാലിക്കുട്ടി അഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് കേരള രാഷ്ട്രീയത്തിലെ ചാണക്യന്റെ റോൾ ഉപേക്ഷിച്ച് ഡൽഹിക്ക് കുഞ്ഞാലിക്കുട്ടി വണ്ടി കയറുന്നത്. അപ്പോഴും സംസ്ഥാന രാഷ്ട്രീയം തന്റെ കൈയിൽ തന്നെ നിലനിർത്താനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുക്കിയാണ് ഡൽഹിയിലേക്കുള്ള കൂടുമാറ്റം.
മുസ്ലിംലീഗ് ദേശീയ ട്രഷറർ സ്ഥാനത്തു നിന്നാണ് അഹമ്മദിന്റെ മരണത്തോടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി എത്തുന്നത്. ഇതിന് പിന്നാലെ ലോക്സഭാ അംഗവുമായി. ഇനി കുഞ്ഞാലിക്കുട്ടി പയറ്റുന്നത് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രമായിരിക്കും. ഒരേ സമയം കേരളത്തിലും ദേശീയ തലത്തിലും പാർട്ടിയുടെ മുഖം ഇനി കുഞ്ഞാലിക്കുട്ടിയാവും. അങ്ങനെ ലീഗെന്ന പാർട്ടി എല്ലാ അർത്ഥത്തിലും കുഞ്ഞാലിക്കുട്ടിയുടെ കൈയിലേക്ക് എത്തുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ സ്ഥാനാർത്ഥിയാവാൻ സാധ്യതയുള്ള നിരവധി പേരുകൾ ഉയർന്നു കേട്ടിരുന്നു. പാണക്കാട് മുനവ്വറലി തങ്ങൾ, സിറാജ് ഇബ്രാഹീം സേട്ട്, അബ്ദുസമദ് സമദാനി, ഇ അഹമ്മദിന്റെ മക്കളിലാരെങ്കിലും ഇങ്ങനെ പോവുന്നു പരിഗണനയിലുണ്ടായിരുന്ന പട്ടിക. ഇതെല്ലാം വെട്ടിയാണ് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിക്കുന്നതും. ഇതിലൂടെ രണ്ട് പദവികൾ ഒഴിവ് വരും. അതിലൊന്ന് വേങ്ങരയിലെ നിയമസഭാ സീറ്റാണ്. മറ്റൊന്ന് ലീഗ് ജനറൽ സെക്രട്ടറി പദവും. ഇവിടേക്ക് ആരെത്തുമെന്നതാണ് ചോദ്യം. രണ്ടിലേക്കും വിശ്വസ്തരെ എത്തിക്കാനാകും കുഞ്ഞാലിക്കുട്ടിയുടെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top