കൊട്ടിക്കലാശത്തിന്റെ നെട്ടോട്ടത്തില്‍ സ്ഥാനാര്‍ത്ഥികള്‍;കോടികളുടെ പണമൊഴുക്ക് തടയാന്‍ പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: രാഷ്രീയ കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രമ ശേഷിക്കേ സംസ്ഥാനത്ത് വ്യാപകമായി തോതില്‍ പണമൊഴുക്ക് നടക്കുമെനന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വോട്ടര്‍മാര്‍ക്ക് മദ്യവും പണവും യഥോഷ്ടമെത്തിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയാണ്. പണ്ട് തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും കേട്ടുപരിചയമുള്ള വോട്ടുവാങ്ങള്‍ തന്ത്രം കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ഇതുവരെ നടന്ന പരിശോധനകളില്‍ 22 കോടി രൂപയും 32,000 ലിറ്റര്‍ വ്യാജമദ്യവുമാണ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നതു തടയാന്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 2.66 കോടിരൂപ കൂടി പിടിച്ചെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത പണം 22.99 കോടിയായി. വ്യാജമദ്യം തടയാന്‍ നടത്തിയ പരിശോധനയില്‍ 9,905 ലിറ്റര്‍ മദ്യം പിടികൂടി. നേരത്തെ നടത്തിയ പരിശോധനയില്‍ 22,200 ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തിരുന്നു. ഇതിനുപുറമെ രണ്ടുകിലോ അനധികൃത സ്വര്‍ണവും പിടിച്ചെടുത്തു. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ദൃശ്യമാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്. അവസാനവട്ട കണക്കു കൂട്ടലുകള്‍ക്കും വോട്ടുപിടിത്തത്തിനുമായി നേതാക്കളുടെ നേതൃത്വത്തില്‍ അണികള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖയായി തിരിച്ചറിയല്‍ കാര്‍ഡിനും തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പിനും പുറമേ പത്തുരേഖകള്‍ കൂടി അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ്. തിരിച്ചറിയല്‍ കാര്‍ഡോ, കമ്മിഷന്‍ നല്‍കിയ വോട്ടര്‍ സ്ലിപ്പോ ഇല്ലാത്തവര്‍ക്കു പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നൊഴികേയുള്ള ഫോട്ടോ പതിച്ച ബാങ്ക് പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാന്‍കാര്‍ഡ്, എന്‍.പി.ആര്‍. സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, എം.പി/എം.എല്‍.എ./എം.എല്‍.സി. എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു നല്‍കിയ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ അച്ചടിപ്പിശക്, അക്ഷരത്തെറ്റ് എന്നിവ ചൂണ്ടിക്കാട്ടി ആരുടെയും വോട്ടവകാശം നിഷേധിക്കരുതെന്നു പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസി വോട്ടര്‍മാര്‍ അസല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന വി.വി. പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിംഗ് യന്ത്രങ്ങള്‍ സംസ്ഥാനത്തെ 1062 ബൂത്തുകളില്‍ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ ബാലറ്റ് യൂണിറ്റിനോടു ചേര്‍ന്ന്ഘടിപ്പിക്കുന്ന വി.വി. പാറ്റ് യൂണിറ്റിന്റെ ഡിസ്‌പ്ലേയില്‍ ഒരാള്‍ വോട്ട് രേഖപ്പെടുത്തിയ ഉടന്‍ സ്ഥാനാര്‍ഥിയുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്നം എന്നിവ ഉള്‍പ്പെടുന്ന ഒരു സ്ലിപ് ഏഴു സെക്കന്റ് നേരം വോട്ടര്‍മാര്‍ക്ക് കാണാനായുണ്ടാകും. തുടര്‍ന്ന് സ്ലിപ്പ് മുറിഞ്ഞ് വി.വി. പാറ്റ് യന്ത്രത്തില്‍ വീഴും. എന്നാല്‍ വോട്ടര്‍ക്ക് സ്ലിപ്പ് എടുക്കാന്‍ സാധിക്കില്ല.

പോളിങ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 3142 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങുള്ള ഏറ്റവുമധികം ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ് 1054. കുറവ് ഇടുക്കിയിലുംഫ36. തിരുവനന്തപുരം232, കൊല്ലം224, പത്തനംതിട്ട112, ആലപ്പുഴ304, കോട്ടയം39, എറണാകുളം141, തൃശൂര്‍ 197, പാലക്കാട്139, മലപ്പുറം121, കോഴിക്കോട്402, വയനാട്42, കാസര്‍ഗോഡ് 99 ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ്.

Top